ദേശീയ പുരസ്‌കാരത്തിൽ തിളങ്ങിയ 'കെഞ്ചിര' റിലീസിനൊരുങ്ങുന്നു. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര ആക്ഷൻ പ്രൈം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിങ്ങം ഒന്നിന്, ഓഗസ്റ്റ് 17ന് റിലീസിനെത്തും.
ദേശീയ അവാർഡിൽ മികച്ച പ്രാദേശിക ഭാഷ (പണിയ) ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കെഞ്ചിരയിൽ, വയനാട്ടിലെ ആദിവാസി സമൂഹത്തിന്‍റെ സംസ്‌കാരത്തിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിച്ച അനുഭവമാണ് സംവിധായകൻ പകർത്തിവച്ചത്.
ചായില്യം, അമീബ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്‌ത മൂന്നാമത്തെ ചിത്രം സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും വസ്ത്രാലങ്കാരം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളുമാണ് കെഞ്ചിര നേടിയത്.
More Read: പയ്യന്നൂരിനും ഇരട്ടി സന്തോഷം; മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രം
കൂടാതെ, ഐഎഫ്എഫ്കെയിൽ ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രമേയത്തിന് പുറമെ സിനിമയിൽ അഭിനയിച്ചിരിക്കുന്ന 95 ശതമാനത്തിലധികം കഥാപാത്രങ്ങളും വയനാട്ടിലെ ആദിവാസി സമൂഹത്തിൽപ്പെട്ട കലാകാരൻമാരാണെന്ന സവിശേഷതയുമുണ്ട്.