ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡുകളിൽ ഒന്നായ പത്മഭൂഷൻ പുരസ്കാരം സ്വന്തമാക്കിയ മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനെ ഹാരമണിയിച്ച് ആദരിക്കുകയാണ് നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ആന്‍റണി പെരുമ്പാവൂരും ചേർന്ന്. ‘കായംകുളം കൊച്ചുണ്ണി’യുടെ നൂറാംദിവസം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിക്കിടെയായിരുന്നു ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ലാലിനെ ആദരിച്ചത്.
പത്മഭൂഷൺ മോഹൻലാലിന് ഹാരമണിയിച്ച് നിവിൻ പോളി
മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു ‘കായംകുളം കൊച്ചുണ്ണി’. 351 ൽ പരം തിയേറ്ററുകളിൽ 1700 പ്രദർശനങ്ങളുമായാണ് ‘കായംകുളം കൊച്ചുണ്ണി’ റിലീസ് ചെയ്തത്. 45 കോടിയുടെ ബജറ്റിൽ, 161 ദിവസം നീണ്ട ചിത്രീകരണത്തിന് ശേഷമായിരുന്നു ചിത്രം വെള്ളിത്തിരയിൽ എത്തിയത്.
കായംകുളത്തെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച കള്ളൻ കൊച്ചുണ്ണിയായി നിവിൻ പോളി അഭിനയിച്ച ‘കായംകുളം കൊച്ചുണ്ണി’ സമീപകാലത്തിറങ്ങിയ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. 2018 ഒക്ടോബർ 10 ന് റിലീസായ ചിത്രം നൂറുദിവസങ്ങൾ പിന്നീട്ട് ബോക്സ് ഓഫീസിൽ വൻവിജയം നേടിയിരിക്കുകയാണ്. ചിത്രത്തിന്‍റെ വിജയാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ കൊച്ചിയിൽ ഒത്തുച്ചേരുകയായിരുന്നു. നിവിൻ പോളി, മോഹൻലാൽ, റോഷൻ ആൻഡ്രൂസ് എന്നിവർക്കൊപ്പം ചിത്രത്തിന്‍റെ നിർമ്മാതാവായ ഗോകുലം ഗോപാലൻ, തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ്, പ്രിയ ആനന്ദ്, സംവിധായകൻ ജീത്തു ജോസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.