തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും അത് മൂലം ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചും തുറന്ന് പറഞ്ഞ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. വർക്കൗട്ടും കഠിനാധ്വാനവും കൊണ്ട് 30 കിലോയാണ് ഗോവിന്ദ് ഒരു വർഷം കൊണ്ട് കുറച്ചത്.
തന്‍റെ ആദ്യ ജിം വാർഷികത്തിലാണ് തടിയുള്ളതിന്‍റെ പേരില്‍ മറ്റുള്ളവരില്‍ നിന്ന് നേരിട്ട പരിഹാസത്തെകുറിച്ച് ഗോവിന്ദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പലരും ബോഡി ഷെയിമിങ്ങിനെ നിസാരമായാണ് കാണുന്നതെന്നും എന്നാല്‍ അത് നേരിടുന്നവരുടെ മാനസികാവസ്ഥ വളരെ വലുതാണെന്നും ഗോവിന്ദ് പറയുന്നു. ചുറ്റുപാട് നിന്നും നേരിട്ട പരിഹാസങ്ങളാണ് ശരീരഭാരം 110 കിലോയില്‍ നിന്നും 80 കിലോയാക്കി കുറയ്ക്കാൻ തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാനും ബോഡി ഷെയ്മിങ്ങിന്‍റെ ഇര'; തുറന്ന് പറഞ്ഞ് ഗോവിന്ദ് വസന്ത ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
എന്‍റെ ജീവിതത്തില്‍ ഏറെ പ്രത്യേകതയുള്ള ഒരു ദിവസമാണിന്ന്. എന്‍റെ ആദ്യ ജിം വാർഷികം. എന്‍റെ ജീവിതം എന്നന്നേക്കുമായി മാറ്റി മറിച്ച ദിവസം. ഞാൻ വിഷയങ്ങളെ സമീപിക്കുന്ന രീതി, എന്നെ തന്നെ നോക്കി കണ്ടിരുന്ന രീതി എല്ലാം മാറിയത് ഈ ദിവസത്തോട് കൂടിയാണ്.
ഇന്നും പലരും എന്നോട് ചോദിക്കാറുണ്ട് ജിമ്മില്‍ പോകണം, മാറണം എന്നൊക്കെ പെട്ടെന്ന് തോന്നാൻ എന്താണ് കാരണമെന്ന്. അതിന് വളരെ ലളിതമായി ഒരൊറ്റ ഉത്തരമേയുള്ളു. 'ബോഡി ഷെയ്മിങ്'.
ചിലർക്ക് ഇത് വളരെ നിസ്സാരമായി തോന്നാം. പക്ഷെ ബോഡി ഷെയിമിങ് എന്നുള്ളത് ഒരു ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചേക്കും. ഒരാളുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും തന്നെ അത് തല്ലി കെടുത്തും. എവിടെയും പരിഹസിക്കപ്പെടും എന്ന ഭയം കാരണം സ്വയം വെറുക്കാൻ തുടങ്ങും. അപകർഷതാ ബോധത്തിലേക്കും അത് വഴി വിഷാദ രോഗത്തിലേക്കും ഒരുവനെ കൊണ്ടെത്തിക്കും. ഞാനതിന് ഉദ്ദാഹരണമാണ്. ഇരയാണ്.
എനിക്ക് ചുറ്റുമുള്ള ആരും തന്നെ ഓർക്കുന്നോ മനസ്സിലാക്കിയിട്ടോ ഉണ്ടാകില്ല, പല അവസരങ്ങളിലായി അവർ എന്നെ ബോഡി ഷെയിമിങ് നടത്തിയിട്ടുണ്ടെന്ന്. എന്നെ തടിയൻ എന്ന് വിളിച്ചവരുണ്ട്, സ്ത്രീകളെക്കാൾ വലിയ മാറിടം ഉള്ളവൻ എന്ന് പറഞ്ഞവരുണ്ട്, എന്‍റെ രൂപം കണ്ട് വിഡ്ഢിയെന്ന് മുദ്ര കുത്തിയവരുണ്ട്. ലോകം ഇങ്ങനെയാണ്.
നിരന്തരം ഒരാൾ ബോഡി ഷെയ്മിങ്ങിന് ഇരയാകുമ്പോൾ, അയാൾ കടുത്ത മാനസിക സംഘർഷത്തില്‍ പെടാം. മാനസികമായും ശാരീരികമായും തകരാം. ഈ അധിക്ഷേപങ്ങളും പരിഹാസങ്ങളും തന്നെയാണ് എന്നെ സ്വയം കണ്ടെത്തലിന്‍റെ പാതയിലേക്ക് നയിച്ചത്.
അപ്പോൾ ഇതാ, ഒരു വർഷത്തിന് ശേഷം, ഇത് വരെയുള്ള ഏറ്റവും മികച്ച ഞാൻ. എല്ലാം ബോഡി ഷെയ്മേഴ്സിനും ഒരുപാട് നന്ദി.