സുഡാനി ഫ്രെം നൈജീരിയയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകഹൃദയത്തിൽ പതിഞ്ഞവരാണ്. മലബാറിലെ കാൽ പന്ത് കളിയുടെ ആവേശം മുഴുവൻ ഉൾക്കൊണ്ട സിനിമ നിരൂപക ശ്രദ്ധയും നേടിയിരുന്നു. മലയാളികൾ സ്നേഹത്തോടെ 'സുഡുമോൻ' എന്ന് വിളിക്കുന്ന സാമുവൽ റോബിൻസൺ ചിത്രത്തിനൊപ്പം പ്രേക്ഷകരെയും കീഴ്‌പ്പെടുത്തിയിരുന്നു. എന്നാൽ, അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന താരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.
സുഡാനി ഇനി സിനിമയിലേക്കില്ല; അഭിനയം നിർത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ് - സാമുവൽ റോബിൻസൺ
സുഡാനി ഫ്രെം നൈജീരിയക്ക് ശേഷം സിനിമയിൽ അവസരം ലഭിക്കാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നതായി താരം വെളിപ്പെടുത്തി.
നൈജീരിയക്ക് ശേഷം കാര്യമായി സിനിമയിലൊന്നും പ്രത്യക്ഷനായിരുന്നില്ല താരം. ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും മികച്ച നിരവധി പ്രൊജക്ടുകൾ വന്നെങ്കിലും അവയെല്ലാം അവസാന നിമിഷം നഷ്‌ടപ്പെടുകയായിരുന്നു. പലപ്പോഴും തന്നെ ഇത് ആത്മഹത്യയിലേക്ക് വരെ പ്രേരിപ്പിച്ചെന്ന് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിനായി താൻ കയറും ആത്മഹത്യാക്കുറിപ്പും വരെ തയ്യാറാക്കിവെച്ചിരുന്നു. എന്നാൽ, അതിൽ നിന്നും പിന്മാറാൻ കാരണം അവസാന നിമിഷം തന്നോട് സംസാരിക്കാൻ തയ്യാറായ സുഹൃത്തുക്കളും തെറാപ്പിസ്റ്റുമാണെന്നും മോളിവുഡിന്‍റെ ദത്ത് പുത്രൻ പറയുന്നു.
അഭിനയം ഒരു ജോലി മാത്രമാണെന്നും അതിനു വേണ്ടി ജീവിതം ഉപേക്ഷിക്കേണ്ടെന്നും പിന്നീട് തീരുമാനിച്ചു. തനിക്ക് ഏഴ് ഭാഷകളറിയാമെന്നും മറ്റൊരു ജോലി അത്ര പ്രയാസകരമായിരിക്കില്ലെന്നും സാമുവൽ കുറിച്ചു.
രാജ് കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലും എഐബിയിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ, രാജ് കുമാർ സന്തോഷിയുടെ ബോളിവുഡ് ചിത്രം നിർമ്മാതാക്കൾ ഉപേക്ഷിച്ചു. സംവിധായകനെതിരെ ഉയർന്ന ആരോപണങ്ങൾ എഐബി പ്രൊജക്‌ടിനും വിനയായി. തമിഴിൽ നിന്ന് വന്ന ഓഫറുകളൊന്നും തൃപ്‌തികരമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ പ്രോജക്‌ടുകളും നിരസിച്ചിരുന്നു. കുറച്ച് പരസ്യങ്ങളിൽ കമ്മിറ്റഡ് ആയെങ്കിലും അവസാന നിമിഷം കമ്പനിയുടെ ലൈസന്‍സ് നഷ്‌ടപ്പെട്ടതിനാല്‍ പ്രതീക്ഷകൾ ഏതാണ്ട് പൂർണ്ണമായും അവസാനിച്ചു. അതിനാലാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്ന് താരം വ്യക്തമാക്കി.
സംവിധായകൻ സക്കറിയയുടെ ആദ്യ ചിത്രമായിരുന്നു സുഡാനി ഫ്രെം നൈജീരിയ. അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട സിനിമ നിരവധി പുരസ്കാരങ്ങൾക്കും അർഹത നേടിയിരുന്നു. ഫുട്‌ബോൾ ക്ലബ് മാനേജറുടെയും വിദേശിയായ നൈജീരിയൻ സ്വദേശിയായ കാൽ പന്ത് കളിക്കാരന്‍റെയും ചുറ്റുവട്ടത്ത് നിന്ന് നിഷ്‌കളങ്കമായ കഥ പറഞ്ഞ സിനിമയായിരുന്നു 2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രെം നൈജീരിയ.