മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബിഗ് ബ്രദർ'. 25 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ നിർവ്വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. തെന്നിന്ത്യൻ താരം റജീന കസാൻഡ്രയാണ് ബിഗ് ബ്രദറില്‍ മോഹൻലാലിന്‍റെ നായികയാകുന്നത്. റെജീനക്കൊപ്പം 'പിച്ചക്കാരന്‍' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ സത്‌ന ടൈറ്റ്‌സും ഒരു പുതുമുഖ നായികയും സിനിമയിലുണ്ട്.
മോഹൻലാലിന്‍റെ സഹോദരന്മാരായി അനൂപ് മേനോനും ജൂൺ ഫെയിം സർജാനോ ഖാലിദുമാണ് അഭിനയിക്കുന്നത്. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തെ അവതരിപ്പിക്കുന്നു. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനായ വേദാന്തം ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അർബാസ് എത്തുന്നത്. ഇവരെ കൂടാതെ ജനാർദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ചെമ്പൻ വിനോദ്, ടിനി ടോം തുടങ്ങിയവരും അഭിനയിക്കുന്നു.