രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്‍റെ അമ്മയ്ക്ക് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ എഴുതിയ കത്ത് ആരുടെയും ഹൃദയം സ്പർശിക്കും. 'ആ മകൻ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസ്സും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ,” ലിനുവിന്‍റെ അമ്മയ്ക്ക് എഴുതിയ കത്തിൽ മോഹൻലാൽ കുറിച്ചു.
ലിനുവിന്‍റെ കുടുംബത്തിന് സാന്ത്വനമായി മോഹൻലാലിന്‍റെ കത്ത്
മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ലെറ്റര്‍പാഡിലാണ് താരം കത്തെഴുതിയത്
ലിനുവിന്‍റെ കുടുംബത്തിന് വീട് നിർമിച്ച് നൽകാനും മോഹൻലാൽ ചെയർമാനായിട്ടുളള വിശ്വശാന്തി ഫൗണ്ടേഷൻ തീരുമാനിച്ചു. ഫൗണ്ടേഷൻ പ്രതിനിധിയായെത്തിയ മേജർ രവിയാണ് ഇക്കാര്യം ലിനുവിന്‍റെ വീട്ടുകാരെ അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജർ രവി ചെറുവണ്ണൂരിലെ ലിനുവിന്‍റെ വീട് സന്ദർശിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും ലിനുവിന്‍റെ അമ്മയ്ക്ക് കൈമാറി. ലിനുവിന്‍റെ കുടുംബത്തിന് ജയസൂര്യയും അഞ്ച് ലക്ഷം രൂപ ധന സഹായം നൽകിയിട്ടുണ്ട്. നടൻ മമ്മൂട്ടിയും ലിനുവിന്‍റെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. തളരരുതെന്നും എന്ത് ആവശ്യമുണ്ടായാലും തന്നെ അറിയിക്കണമെന്നും മമ്മൂട്ടി ഫോണിലൂടെ പറഞ്ഞതായി ലിനുവിന്‍റെ കുടുംബം പങ്കുവച്ചു.
ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ട് പോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് ലിനു അപകടത്തിൽപ്പെട്ടതും മരണപ്പെടുന്നതും. രക്ഷാപ്രവർത്തനത്തിനായി രണ്ടു സംഘമായി തോണികളിൽ പുറപ്പെട്ടതായിരുന്നു ലിനുവും സംഘവും. എന്നാൽ തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.