ഇന്ന് 59-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്‍റെ നടന വിസ്മയം മോഹൻലാലിന്‍റെ അഭിനയവും ജീവിതവും പുസ്തകമാകുന്നു. തന്‍റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വിവരം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്ര പുസ്തകം പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് തയ്യാറാക്കുന്നത്.
'മുഖരാഗം'; മോഹന്‍ലാലിന്‍റെ ജീവചരിത്രം ഒരുങ്ങുന്നു
പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശ് രചിക്കുന്ന പുസ്തകം 2020 ല്‍ പ്രസിദ്ധീകരിക്കും.
40 വർഷത്തിലേറെയായി തുടരുന്ന അഭിനയജീവിതവും തന്‍റെ ജീവിതാനുഭവങ്ങളും കൂടിച്ചേരുന്നതായിരിക്കും ജീവചരിത്രമെന്ന് മോഹൻലാൽ പറയുന്നു. വർഷങ്ങളായി തനിക്കൊപ്പം സഞ്ചരിച്ചാണ് ഭാനുപ്രകാശ് തന്‍റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതുന്നത്. 2020-ൽ 'മുഖരാഗം' വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും മോഹൻലാൽ കുറിച്ചു.
വർഷങ്ങൾക്ക് മുമ്പ് അഭിനയ ജീവിതത്തിന്‍റെ 25-ാം വർഷത്തില്‍ 'ബാലേട്ടൻ' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഭാനുപ്രകാശ് ആദ്യമായി ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ആദ്യം അത് നിരസിച്ച ലാല്‍ വർഷങ്ങൾക്ക് ശേഷം സമ്മതം മൂളുകയായിരുന്നു.