കേരളം

kerala

ETV Bharat / sitara

50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാല്‍: നിയമപരമായി നേരിടുമെന്ന് ശോഭന ജോർജ്

കഴിഞ്ഞ നവംബറിലാണ് മോഹന്‍ലാല്‍ നോട്ടീസ് അയച്ചതെങ്കിലും വിശദാംശങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോഴാണ്. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ്.

മോഹൻലാല്‍-ശോഭന ജോർജ്ജ്

By

Published : Feb 14, 2019, 5:10 PM IST

Updated : Feb 14, 2019, 5:32 PM IST

തിരുവനന്തപുരം: പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജിനെതിരെ നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭന ജോർജ് മാപ്പുപറയണമെന്നും മാപ്പപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.

ഒരു സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ ചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹൻലാലിനും വസ്ത്ര നിര്‍മ്മാണ കമ്പനിക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോർഡ് നോട്ടീസയച്ചത്. ഇക്കാര്യം ശോഭന ജോര്‍ജ് ഒരു പൊതുവേദിയിൽ പരസ്യമായി പറയുകയും ചെയ്തു. ഇത് പിന്നീട് മാധ്യമങ്ങളിലും വലിയ വാർത്തയായി.

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീൽ നോട്ടീസിനെ തുടര്‍ന്ന് പരസ്യം പിൻവലിക്കാൻ വസ്ത്ര നിര്‍മ്മാണ കമ്പനി തയ്യാറായി. എന്നാൽ ശോഭനയുടെ പരാമർശങ്ങൾ തനിക്ക് വ്യക്തിപരമായി വലിയ അപമാനമായെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇതാണ് അദ്ദേഹം നിയമനടപടികളിലേക്ക് കടക്കാൻ കാരണം.

2018 നവംബര്‍ 22-ാം തിയതി അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതികരിക്കാൻ ഖാദിബോര്‍ഡ് തയ്യാറായിട്ടില്ലെന്നാണ് വിവരം. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മോഹന്‍ലാലിന്‍റെ തീരുമാനമെന്നാണ് സൂചന.

Last Updated : Feb 14, 2019, 5:32 PM IST

ABOUT THE AUTHOR

...view details