കേരളം

kerala

ETV Bharat / sitara

'പോപ്പ് രാജാവ്' വിട പറഞ്ഞിട്ട് ഒരു ദശാബ്ദം - king of pop michael jackson

സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ മൈക്കിൾ ജാക്സനെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു

'പോപ്പ് രാജാവ്' വിട പറഞ്ഞിട്ട് ഒരു ദശാബ്ദം

By

Published : Jun 25, 2019, 11:35 AM IST

പോപ്പ് സംഗീതത്തിന് നിരവധി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച കിങ് ഓഫ് പോപ്പ് മൈക്കിൽ ജാക്‌സൺ വിട പറഞ്ഞിട്ട് പത്ത് വർഷം തികയുന്നു. പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും സംഗീത പ്രേമികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നുണ്ട് മൈക്കിള്‍ ജാക്സണ്‍ എന്ന പ്രതിഭയെ.

മൈക്കിൾ ജാക്സൺ

1958-ൽ അമേരിക്കയിലെ ഇന്ത്യാനയിൽ ജോസഫ് വാൾട്ടർ ജോ ജാക്‌സണിന്‍റെയും കാഥറീൻ എസ്തറിന്‍റെയും എട്ടാമത്തെ പുത്രനായാണ് മൈക്കല്‍ ജാക്സൺ ജനിച്ചത്. ഏഴാം വയസിൽ അച്ഛന്‍റെ 'ജാക്‌സൺ 5' എന്ന സംഗീത ബാൻഡിൽ അംഗമായിക്കൊണ്ടായിരുന്നു മൈക്കിൾ തന്‍റെ സംഗീത ജീവിതം ആരംഭിച്ചത്. 1971 മുതല്‍ ഒറ്റക്ക് പാടുവാൻ തുടങ്ങി. 70കളുടെ അവസാനത്തോടെ അദ്ദേഹം പോപ്പ് സംഗീത രംഗത്തെ പ്രധാനിയായി മാറി. പിന്നീട് 'ഡേഞ്ജറസ്', 'ബീറ്റ് ഇറ്റ്' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ചു. പാട്ടുകളും അസാമാന്യ മെയ് വഴക്കത്തോടെ അദ്ദേഹം അവതരിപ്പിച്ച നൃത്ത ചുവടുകളും മൈക്കിൾ ജാക്‌സണിനെ അതിപ്രശസ്തിയിലേയ്ക്ക് നയിച്ചു. റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ജാക്‌സണാണ് നൃത്ത ലോകത്തിന് സമ്മാനിച്ചത്.

മൈക്കിൾ ജാക്സൺ പ്ലാസ്റ്റിക് സർജറിക്ക് മുമ്പും ശേഷവും

13 ഗ്രാമി പുരസ്‌കാരങ്ങൾ, 26 അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങൾ, 86 ബിൽബോർഡ് പുരസ്‌കാരങ്ങൾ, 38 വേൾഡ് മ്യൂസിക്ക് പുരസ്‌കാരങ്ങൾ ഇവയെല്ലാം മൈക്കിൾ ജാക്‌സൺ എന്ന അതുല്യ പ്രതിഭയെ തേടി എത്തി. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിലും ജാക്സൺ ഇടം നേടി. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങൾക്കിടയാക്കി. സ്വവര്‍ഗാനുരാഗി, ബാലപീഡകന്‍, മയക്കുമരുന്നിന് അടിമ എന്നിങ്ങനെ കിടക്കുന്നു ആരോപണങ്ങള്‍. ഇതിനിടെ ദുരന്തത്തില്‍ കലാശിച്ച രണ്ട് വിവാഹങ്ങളും. എന്നാല്‍ അവയൊന്നും മൈക്കിളിന്‍റെ പ്രതിഭയ്‌ക്കൊട്ടും മങ്ങലേല്‍പ്പിച്ചില്ല.

ആദ്യ ഭാര്യ ലിസ മേരി പ്രസ്ലിക്കൊപ്പം
മൈക്കിൾ ജാകസൺ, രണ്ടാം ഭാര്യ ഡെബീ റോവ്

2009 ജൂൺ 25-ന് തന്‍റെ 50ാം വയസിൽ 'ദിസ് ഈസ് ഇറ്റ്' എന്ന ആൽബത്തിന്‍റെ പണിപ്പുരയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിക്കുന്നത്. മരണശേഷവും ജാക്സണിന്‍റെ 75കോടി റെക്കോർഡുകളാണ് വിറ്റഴിഞ്ഞത്. അതിനാല്‍ മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന പേരും മൈക്കിൾ ജാക്സന് സ്വന്തം.

ABOUT THE AUTHOR

...view details