ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശൻ കൂട്ടികെട്ടിലൊരുങ്ങുന്ന ബിഗ്-ബഡ്ജറ്റ് ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. 'മരക്കാര്‍' റിലീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് നാളേറെയായി വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്.
ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലെത്തും എന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്നിരുന്നത്. തിയേറ്റര്‍ റിലീസിനായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വെച്ചെങ്കിലും ഉടമകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന നിലയിലെത്തുകയായിരുന്നു.
എന്നാലിപ്പോള്‍ ഒടിടി റിലീസില്‍ വീണ്ടും മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്നാണ് സൂചന. 'മരക്കാര്‍' തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒടിടി കരാര്‍ ഭേദഗതി വരുത്തിയാണ് ഇതിന് ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.
റിലീസുമായി ബന്ധപ്പെട്ട് 150 തിയേറ്ററുകളുടെ കൂട്ടായ്‌മ 'മരക്കാര്‍' റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളുമായി സംസാരിച്ചു തുടങ്ങി. സാധരണയായി തിയേറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസത്തിന് ശേഷമാണ് ഒടിടിക്ക് നല്‍കുക. എന്നാല്‍ 'മരക്കാര്‍' അതിന് മുന്‍പ് തന്നെ ഒടിടിയിലേക്ക് മാറ്റുന്നത് അടക്കമുള്ള സാധ്യതകളാണ് തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും ആലോചിക്കുന്നത്.
ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ എത്തുന്നതോടെ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ തിരിച്ചെത്തുമെന്നാണ് എല്ലാ സംഘടനകളും പ്രതീക്ഷിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ഒടിടി സമയപരിധിയില്‍ മാറ്റം വരുത്താന്‍ ഫിലിം ചേംബര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരേ സമയം ചിത്രം ഒടിടിയിലും തിയേറ്ററിലും റിലീസ് ചെയ്യുന്നത് ഫിയോക് അംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താനും തീരുമാനിച്ചു.
കൊവിഡ് സാഹചര്യത്തില്‍ നീണ്ട കാലം നഷ്‌ടം സഹിച്ച് അടഞ്ഞുകിടന്ന തിയേറ്ററുകള്‍ക്ക് മരക്കാരുടെ മാസ് റിലീസ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Also Read:പുലിമുരുകന് ശേഷം 'മോണ്‍സ്‌റ്റര്‍'; ലക്കി സിങ് ആയി മോഹന്‍ലാല്‍