തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. ഒരു മാസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താൻ എരഞ്ഞോളി മൂസ അന്തരിച്ചു - eranjoli moosa passes away
കല്യാണ വീടുകളില്‍ പെട്രോമാക്സിന്‍റെ ഇരുണ്ട വെളിച്ചത്തില്‍ പാടി തുടങ്ങിയ എരഞ്ഞോളി മൂസ ഗൾഫ് നാടുകളില്‍ ഏറ്റവുമധികം വേദികളില്‍ പാടിയ മാപ്പിളപ്പാട്ട് ഗായകനാണ്.
എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്‍റെയും മകനായി 1940 മാർച്ച് 18നാണ് മൂസയുടെ ജനനം. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ട് വർഷം സംഗീതം പഠിച്ചതിന് ശേഷമാണ് അദ്ദേഹം മാപ്പിളപ്പാട്ടിലേക്ക് തിരിഞ്ഞത്. 'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യ കാലങ്ങളില്‍ മൂസ അറിയപ്പെട്ടിരുന്നത്.
'അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ' എന്ന ഗാനം ആലപിച്ചാണ് മൂസ തന്‍റെ സംഗീത ജീവിതം ആരംഭിക്കുന്നത്. അടുത്ത കാലത്ത് ഹിറ്റായ 'മാണിക്യ മലരായ പൂവി' എന്ന ഗാനം ആദ്യ കാലത്ത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും അറിയപ്പെടുന്ന ഗായകനായി മാറിയ അദ്ദേഹം ഫോക്ലോർ അക്കാദമി ചെയർമാനായിരുന്നു.