ക്യാൻസറിനോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ അരുണിമ എന്ന പെൺകുട്ടിക്ക് പ്രണാമം അർപ്പിച്ച് നടി മഞ്ജു വാര്യർ. കേരളത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി എപ്പോഴും എവിടേയും എത്തുന്ന സിനിമാ താരമാണ് മഞ്ജു വാര്യര്‍. അരുണിമയുടെ വിയോഗത്തിലുള്ള ദുഃഖം മഞ്ജു തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
'പ്രിയപ്പെട്ട പെൺകുട്ടി നീ തോറ്റല്ല മടങ്ങുന്നത്'; അരുണിമയ്ക്ക് പ്രണാമമർപ്പിച്ച് മഞ്ജു വാര്യർ - മഞ്ജു വാര്യർ
ക്യാൻസറുമായി ബന്ധപ്പെട്ട ബോധവല്‍കരണ പരിപാടിക്കിടെയാണ് മഞ്ജു അരുണിമയെ കാണുന്നത്. അന്ന് താൻ വരച്ച ഛായാചിത്രം അരുണിമ മഞ്ജുവിന് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.
‘കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരു പാട് പേര്‍ക്കുള്ള പ്രചോദനം. അന്ന് എന്‍റെ ഒരു ചിത്രം വരച്ച് തന്നിരുന്നു അരുണിമ. ഒടുവില്‍ അവള്‍ യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓര്‍മകള്‍ക്ക് പ്രണാമം,’ മഞ്ജുവിന്‍റെ വാക്കുകള്‍. ഒപ്പം അരുണിമ വരച്ച ചിത്രം പിടിച്ച് അവളോടൊപ്പം നിൽക്കുന്ന ചിത്രവും മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ചു.
ചൊവാഴ്ച രാവിലെ കൊച്ചി അമൃത ആശുപത്രിയില്‍ വച്ചാണ് പത്തനംതിട്ട സ്വദേശിയായ അരുണിമ മരണത്തിന് കീഴടങ്ങിയത്.