കേരളം

kerala

ETV Bharat / sitara

മണിയന്‍പിള്ള രാജുവിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് ഷക്കീല - മണിയൻപിള്ള രാജു

ഛോട്ടാ മുംബൈയുടെ നിര്‍മ്മാതാവായിരുന്നു മണിയന്‍പിള്ള. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ ഷക്കീലയുടെ അമ്മ രോഗബാധിതയായപ്പോൾ ശസ്ത്രക്രിയക്ക് സാമ്പത്തികമായി സഹായിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് രാജുവിനോട് ഷക്കീലയ്ക്ക് ഇഷ്ടം തോന്നുന്നത്.

shakeela1

By

Published : Mar 3, 2019, 4:35 PM IST

നടൻ മണിയന്‍പിള്ള രാജുവിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് ഷക്കീല. ഒരു ടിവി ഷോയ്ക്കിടെയാണ് മണിയന്‍പിള്ള രാജുവിനോടുണ്ടായ ഇഷ്ടത്തെക്കുറിച്ച്‌ താരം പറഞ്ഞത്. മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ഛോട്ടാ മുംബൈയുടെ ഷൂട്ടിങ്ങിനിടെയാണ് പ്രണയം മൊട്ടിട്ടത്. തുടര്‍ന്ന് മണിയന്‍പിള്ള രാജുവിന് പ്രണയലേഖനം അയച്ചെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നുമാണ് ഷക്കീല പറയുന്നത്. എന്നാല്‍ ഇങ്ങനെ ഒരു പ്രണയത്തെക്കുറിച്ച്‌ താന്‍ അറിഞ്ഞില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ഛോട്ടാ മുംബൈയുടെ നിര്‍മ്മാതാവായിരുന്നു മണിയന്‍പിള്ള. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ ഷക്കീലയുടെ അമ്മ രോഗബാധിതയായപ്പോൾ ശസ്ത്രക്രിയക്ക് സാമ്പത്തികമായി സഹായിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് രാജുവിനോട് ഷക്കീലയ്ക്ക് ഇഷ്ടം തോന്നുന്നത്. ചിത്രത്തില്‍ അതിഥി താരമായാണ് ഷക്കീല എത്തിയത്. ചിത്രത്തില്‍ വക്കീലിൻ്റെ വേഷത്തില്‍ മണിയന്‍ പിള്ള രാജുവും ഉണ്ടായിരുന്നു.

''2007ല്‍ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എൻ്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കി. വലിയൊരു സഹായമായിരുന്നു എനിക്കത്. അത് മുതല്‍ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാന്‍ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാല്‍ ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല'', ഷക്കീല പറഞ്ഞു.

എന്നാല്‍ ഷക്കീലയുടെ പ്രണയലേഖനം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് രാജു പറയുന്നത്. ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണെന്നും എന്നാല്‍ അവര്‍ക്ക് തന്നോട് പ്രണയമുണ്ടായിരുന്ന കാര്യം അറിയില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു. ''അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല'', താരം വ്യക്തമാക്കി.

ABOUT THE AUTHOR

...view details