ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ മണിരത്‌നത്തിന്‍റെ സ്വപ്നചിത്രം ആരംഭിക്കുകയാണ്. 'പൊന്നിയന്‍ സെല്‍വന്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്.
താരപ്രഭയോടെ മണിരത്‌നത്തിന്‍റെ സ്വപ്‌നചിത്രം; 'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണം ജനുവരിയില്‍ തുടങ്ങും - ponniyan selvan
2400 പേജുള്ള കല്‍ക്കി കൃഷ്ണമൂർത്തിയുടെ നോവലാണ് മണിരത്‌നം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.
തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവലാണ് 'പൊന്നിയന്‍ സെല്‍വന്‍'. ഇത് വെള്ളിത്തിരയിലെത്തുമ്പോള്‍ സംവിധായകന്‍ നടത്തിയ കാസ്റ്റിങ് ആണ് അതിലും ഗംഭീരം. ചിത്രം എത്ര കണ്ട് ഹിറ്റാകുമെന്ന് അഭിനയിക്കുന്ന താരങ്ങളെ കണ്ടാല്‍ തന്നെ വ്യക്തമാകും. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായ്, നയന്‍താര, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഗീതം എ ആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. 1958 ല്‍ 'പൊന്നിയന്‍ സെല്‍വ'നെ ആസ്പദമാക്കി എം ജി ആര്‍ ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012 ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അത് നടക്കാതെ വരികയായിരുന്നു.