'കാണാതിരിക്കുമ്പോൾ എന്നും ഓർക്കുന്നില്ല എന്നതാണ് സത്യം. ഓരോ മുഖം കാണുമ്പോഴും ഓർക്കും മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കല്ലേ.. അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങ് മറക്കുമായിരിക്കും അല്ലേ.. പിന്നെ മറക്കാതെ.. പക്ഷേ എനിക്ക് മറക്കണ്ടാ....'
പ്രണയം നനുത്തിറങ്ങുമ്പോൾ മലയാളിയിലേക്ക് മഴ ക്ലാരയായി പെയ്‌തുചൊരിയും... പ്രണയത്തിന് കാലം പുതിയ നിർവചനങ്ങൾ നൽകിയാലും, ഉദകപ്പോളയിൽ നിന്നും മലയാളസിനിമയിലേക്ക് ചേക്കേറിയ 'തൂവാനത്തുമ്പികൾ' മലയാളമുള്ളിടത്തോളം കാലം പ്രണയാർദ്രതയോടെ പറന്നുനടക്കും.
പത്‌മരാജനെ ഇഷ്‌ടപ്പെടുന്നവർ എന്നും ഇഷ്‌ടപ്പെടുന്ന കഥാഗന്ധർവന്‍റെ ആവിഷ്‌കാരം. മലയാളത്തിന്‍റെ കൾട്ട് ക്ലാസിക് ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 34 വർഷങ്ങൾ...
'എനിക്കാ ഭ്രാന്തന്‍റെ കാലിലെ മുറിവാകാൻ കൊതിയാകുവാ.. ചങ്ങലയുടെ ഒറ്റക്കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്...' തീക്ഷ്ണമായ പ്രണയത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ ബന്ധിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നവൾ ആയിരുന്നില്ല ക്ലാര... പ്രമാണിയും പിശുക്കനുമെല്ലാമാകുമ്പോഴും സുഹൃത്തുക്കൾക്ക് അയാൾ വളരെ പ്രിയങ്കരൻ.
പെണ്ണിനോട് ഭ്രമം തോന്നാത്ത ജയകൃഷ്ണൻ ക്ലാര എന്ന മഴയിൽ നനഞ്ഞ് അലിഞ്ഞുപോകുന്നു. പിന്നീട് രാധ അയാൾക്കായി ഒരു വസന്തമൊരുക്കുമ്പോൾ താൻ നനഞ്ഞ ആ മഴയെ കുറിച്ച് നിഷ്‌കളങ്കതയോടെ അവളോട് തുറന്നുപറയുന്നു.
ജയകൃഷ്ണനും ക്ലാരയും ഭ്രാന്തമായി പ്രണിയിച്ചുനടക്കുമ്പോഴും, താൻ സ്‌നേഹിക്കുന്നയാൾ മറ്റാരുടേയോ ഇഷ്‌ടങ്ങളുടെ പരിധിക്കുള്ളിലാണെന്ന് അറിഞ്ഞിട്ടും അയാളെ നിഷ്‌കളങ്കമായി സ്‌നേഹിക്കുന്ന രാധയും മലയാളിയുടെ നെഞ്ചോട് ചേർന്നുനിൽക്കുന്ന കഥാപാത്രമാണ്.
കൺമഷി പുരണ്ട കറുത്ത നെടിയ കണ്ണുകളുള്ള രാധ, സ്‌നേഹം പങ്കിട്ടുപോകാൻ ആഗ്രഹിക്കാത്ത, എന്നാൽ ഒരിക്കൽ പോലും ജയകൃഷ്ണനോട് ക്ലാരയെ കാണാൻ പോകരുത് എന്ന് പറയാൻ തുനിയാത്ത പത്മരാജന്‍റെ മറ്റൊരു സങ്കീർണ കഥാപാത്രം.