മലയാള സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ ഭാവാഭിനയം കൊണ്ടും ആരാധകരുടെ മനസില്‍ ഇടം പിടിച്ച ആ പ്രതിഭ മൺമറഞ്ഞിട്ട് ഏഴ് വർഷം കടന്ന് പോയിരിക്കുന്നു.
70കളിലെ മിക്ക നടന്മാരെയും പോലെ നാടക രംഗത്ത് നിന്നുമായിരുന്നു സുരേന്ദ്ര നാഥ തിലകന്‍ എന്ന പത്തനംതിട്ടക്കാരന്‍റെ സിനിമയിലേക്കുള്ള വരവ്. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 43 നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ 'ഉള്‍ക്കടല്‍' എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമാ രംഗത്തേക്ക് ചുവട് മാറ്റുന്നത്. 'കാട്ടുകുതിര' എന്ന ചിത്രത്തിലെ വേഷം തിലകന്‍റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. പിന്നീട് വന്ന യവനികയും പഞ്ചവടിപ്പാലവും പെരുന്തച്ചനും തിലകനെ താരമാക്കി. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറി വന്നു. മോഹൻലാല്‍-തിലകൻ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്‍റെ അഭിനയവീര്യം പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്‍റെ പോള്‍ പൌലോക്കാരനെ കണക്കാക്കുന്നത്.