മലയാളസിനിമാ ഇതിഹാസം ജയൻ വേർപിരിഞ്ഞിട്ട് ഇന്നേക്ക് 39 വർഷം. മലയാളികളുടെ ആദ്യ ആക്ഷൻ ഹീറോ, തനതായ സംഭാഷണശൈലി കൊണ്ടും പൗരുഷ കഥാപാത്രങ്ങൾ കൊണ്ടും മലയാളസിനിമയിൽ മാറ്റം കുറിച്ച അഭിനയപ്രതിഭ. വിശേഷണങ്ങള്‍ ഏറെയാണ് ജയന്. വെള്ളിത്തിരയിൽ ജയൻ എന്നറിയപ്പെടുന്ന കൃഷ്‌ണൻ നായർ തന്‍റെ 41-ാം വയസ്സിൽ കോളിളക്കത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് മരിച്ചത്. 1939 ജൂലൈ ഇരുപത്തിയഞ്ചിന് കൊല്ലം ജില്ലയിൽ ജനിച്ച ജയൻ സിനിമയിൽ എത്തുന്നതിനു മുമ്പ് നാവികസേന ഉദ്യോഗസ്ഥനായിരുന്നു.
മരണമില്ലാത്ത പ്രതിഭ; ജയന്‍ വിടവാങ്ങിയിട്ട് 39 വര്‍ഷം - 39th death anniversary
മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ ജയൻ വേർപിരിഞ്ഞിട്ട് ഇന്നേക്ക് 39 വർഷം.
എഴുപതുകളിൽ ചെറിയ വേഷങ്ങളിൽ തുടക്കം കുറിച്ച താരത്തിന് ജയൻ എന്ന പേര് നൽകിയത് 'ശാപമോക്ഷ'ത്തിന്‍റെ സെറ്റിൽ വച്ച് നടൻ ജോസ് പ്രകാശാണ്. 'പോസ്റ്റ്മാനെ കാണാനില്ല' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ശാപമോക്ഷം, പഞ്ചമി, തച്ചോളി അമ്പു, ഏതോ ഒരു സ്വപ്‌നം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായി. ശരപഞ്ചരത്തിലെ വില്ലൻ വേഷത്തിന് ശേഷം മലയാളസിനിമയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത താരങ്ങളിലൊരാളായി ജയന്‍ മാറി. 1979 ലെ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം കൂടിയായിരുന്നു ശരപഞ്ചരം. അടുത്ത ബോക്‌സ് ഓഫീസ് ഹിറ്റ് അങ്ങാടിക്ക് ശേഷം ജയൻ മനുഷ്യമൃഗം, ആവേശം എന്നീ സിനിമകളിൽ ഇരട്ട വേഷത്തിലാണെത്തിയത്. കൊമേർഷ്യൽ ഹീറോ ഇമേജിൽ തിളങ്ങിയിരുന്ന താരത്തിന്‍റെ മിക്ക സിനിമകളും നിരൂപക പ്രശംസയില്ലാത്തവയായിരുന്നു. എന്നാൽ പൗരുഷം നിറഞ്ഞ, നെഞ്ചു വിരിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിനെ സൂപ്പർഹീറോയാക്കി.
പ്രേംനസീര്‍, മധു, സോമൻ, സുകുമാരൻ തുടങ്ങിയ അന്നത്തെ പ്രമുഖ താരങ്ങൾക്കൊപ്പം പ്രധാന വേഷങ്ങളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് നൂറ്റിയമ്പതോളം സിനിമകൾ സമ്മാനിച്ച താരം 1980 നവംബർ പതിനാറിന് മദ്രാസിൽ വച്ച് കോളിളക്കത്തിന്‍റെ ചിത്രീകരണത്തിനിടയിൽ ഹെലികോപ്‌റ്റർ അപകടത്തിലാണ് മരിക്കുന്നത്. അങ്ങാടി, മനുഷ്യമൃഗം, ചാകര, മൂർഖൻ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച ജയനെന്ന അഭിനയപ്രതിഭ 39 വർഷത്തിന് ശേഷവും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നു.