മലയാളത്തിനും തമിഴിനും ഹിന്ദിക്കും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് മാളവിക മോഹനൻ. വിജയ് ദേവേരകൊണ്ടയുടെ പുതിയ ചിത്രമായ 'ഹീറോ'യില്‍ നായികയായിട്ടാണ് മാളവിക തെലുങ്കില്‍ തുടക്കം കുറിക്കുന്നത്. ആനന്ദ് അണ്ണാമലൈ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടൻ ഡല്‍ഹിയില്‍ ആരംഭിക്കും.
വിജയ് ദേവരകൊണ്ടയുടെ നായികയായി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് മാളവിക മോഹനൻ - മാളവിക മോഹനൻ
തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രമായ ഹീറോയുടെ പൂജ ഇന്നലെ ഹൈദരാബാദില്‍ നടന്നു.
മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. ‘കാക്കമുട്ടൈ’ എന്ന തമിഴ് ചിത്രത്തിന് സംഭാഷണം ഒരുക്കിയ ആനന്ദ് അണ്ണാമലൈയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ഹീറോ’. സ്പോർട്സിനെ അടിസ്ഥാനമാക്കിയുള്ള മ്യൂസിക്കൽ എന്‍റർടെയിനറായ ചിത്രത്തില്‍ ബൈക്ക് റേസറായിട്ടാണ് വിജയ് ദേവേരകൊണ്ട എത്തുന്നത്.
പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനന്‍റെ മകളാണ് മാളവിക. പട്ടം പോലെ, നിർണായകം, ഗ്രേറ്റ് ഫാദർ എന്നിവയാണ് മാളവിക അഭിനയിച്ച മലയാള ചിത്രങ്ങൾ. രജനീകാന്തിന്‍റെ ‘പേട്ട’യിലും മാളവിക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സി'ലൂടെയായിരുന്നു മാളവികയുടെ ബോളിവുഡ് അരങ്ങേറ്റം.