മമ്മൂട്ടിയുടെ 'യാത്ര'ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് - ysr
വൈഎസ്ആറിന്‍റെ രാഷ്ട്രീയ പ്രവേശനവും അതിനെത്തുടർന്നുള്ള സമരപരമ്പരകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 1992നു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്കു ചിത്രം കൂടിയാണ് യാത്ര.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖർ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം ‘യാത്ര’യ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. മമ്മൂട്ടി വൈഎസ്ആർ ആയി അഭിനയിക്കുന്ന ‘യാത്ര’ ഫെബ്രുവരി 8 ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നതിനിടയിലാണ് ഹൈക്കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകൻ ആണ് പരാതിക്കാരൻ. ചിത്രത്തിന്‍റെ പേരിന്‍റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താൻ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആൻഡ് ടെലിഫിഷൻ പ്രൊഡ്യൂസർ ഗിൽഡിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തതാണെന്നുമാണ് മുരുകൻ പരാതിയിൽ പറയുന്നത്. പരാതി സ്വീകരിച്ച ജസ്റ്റിസ് എം സുന്ദർ ‘യാത്ര’യുടെ നിർമ്മാതാക്കളായ 70എംഎം എന്‍റർടെയിൻമെന്‍റിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്സിനും ഗ്യൂബ് സിനിമ ടെക്നോളജീസിനും നോട്ടീസ് അയക്കുകയായിരുന്നു.
ഗിൽഡിന്‍റെ ഉപദേശം കേൾക്കാൻ കൂട്ടാക്കാതെ നിർമ്മാതാക്കൾ റിലീസ് ഫെബ്രുവരി എട്ടിലേക്ക് തീരുമാനിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന് എതിരെയുള്ള ഹർജി റിലീസിംഗിന് തന്നെ ആശങ്കയുണർത്തുകയാണ്.