കൊടും തണുപ്പിനെ വക വയ്ക്കാതെ കയ്യില്‍ ഭാരമുള്ള മണല്‍ചാക്കുകളും തൂക്കി സെറ്റില്‍ സഹായിക്കുന്ന സൂപ്പർസ്റ്റാർ മോഹൻലാലിന്‍റെ വീഡിയോ പങ്കുവച്ച് പൃഥ്വിരാജ്. ലൂസിഫറിന്‍റെ റഷ്യൻ ലൊക്കേഷനില്‍ നിന്നുള്ള രംഗങ്ങളാണ് ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
ഇതാണ് യഥാർഥ നായകൻ; കൊടും തണുപ്പിലും സഹപ്രവർത്തകർക്ക് കൈത്താങ്ങായി മോഹൻലാല്‍ - ലൂസിഫർ
ലൂസിഫറിന്‍റെ റഷ്യൻ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
“മൈനസ് 16 ഡിഗ്രി സെൽഷ്യസാണ് റഷ്യയിലെ താപനില. അദ്ദേഹത്തിന്‍റെ കയ്യിലിരിക്കുന്ന ഓരോ മണൽച്ചാക്കുകളുടെയും ഭാരം 20 കിലോയ്ക്കും മുകളിലാണ്. അദ്ദേഹത്തിന് വിശ്രമിക്കാൻ സെറ്റിൽ ചൂടുള്ള ടെന്‍റുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പ്രാധാന്യം നൽകിയത് ഞങ്ങൾക്കൊപ്പം നിൽക്കാനും ചിത്രീകരണത്തിന് വേണ്ട ഒരുക്കങ്ങളിൽ സഹായിക്കാനുമാണ്,” പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.
റഷ്യയിലാണ് ലൂസിഫറിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. ആ രംഗങ്ങൾ ഷൂട്ട് ചെയ്ത സമയത്തുള്ള ദൃശ്യങ്ങളാണ് പൃഥ്വിരാജ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പങ്കുവച്ച് നിമഷങ്ങൾക്കകം വീഡിയോ വൈറലായി. ഇതാണ് യഥാർഥ നായകനെന്നും ഇത് കൊണ്ടാണ് അദ്ദേഹത്തെ ഇത്ര കണ്ട് സ്നേഹിക്കുന്നതെന്നുമാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ആരാധകർ പറയുന്നത്.