മലയാളത്തിലെ എക്കാലത്തെയും പണംവാരി ചിത്രമാണ് മോഹൻലാല്‍- പൃഥ്വിരാജ്- മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിങ്ങിയ 'ലൂസിഫർ'. 200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലൂസിഫറിന്‍റെ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും.
വരുന്നു ഖുറേഷി അബ്രാം; ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു - ലൂസിഫർ 2
രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അഭിമുഖങ്ങളിലൊന്നും പൃഥ്വി കൃത്യമായൊരു ഉത്തരം നൽകിയിരുന്നില്ല. എന്നാല്‍ തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫര്‍ 2 ഉണ്ടാകുമെന്ന് പലപ്പോഴും പറയാതെ പറഞ്ഞിരുന്നു.
'ലൂസിഫര്‍ 2' യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശമാണ് ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. നാളെ വൈകുന്നേരം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ വച്ച് അഞ്ച് മണിക്കാകും പ്രഖ്യാപനമെന്നാണ് സൂചന.
തന്‍റെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്താണ് പൃഥ്വി ലൂസിഫർ ഒരുക്കിയത്. തന്‍റെ അടുത്ത ചിത്രം ഏതായാലും അഭിനയജീവിതത്തിൽ നിന്നും വിട്ട് നിന്ന് കൊണ്ട് വേണം സംവിധാനത്തിൽ ഫോക്കസ് ചെയ്യാൻ. അതാണ് തനിക്ക് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യചിഹ്നമെന്ന് ഒരു അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കിയിരുന്നു.