ഒരിടവേളയ്‌ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍റെ 'കുറുപ്പ്' (KURUP) ആരാധകരുടെയും തിയേറ്റര്‍ ഉടമകളുടെയും പ്രതീക്ഷ തെറ്റിച്ചില്ല. പ്രദര്‍ശനത്തിനെത്തി അഞ്ചാം ദിനം പിന്നിടുമ്പോഴും ചിത്രം തിയേറ്ററുകള്‍ തൂത്തുവാരുകയാണ്. ആദ്യ ദിനം തന്നെ 6.3 കോടി സമാഹരിച്ച ചിത്രം അഞ്ചാം ദിനത്തില്‍ 50 കോടി ക്ലബ്ബില്‍ (50 Crore Club) ഇടംപിടിച്ചു.
'കുറുപ്പി'ന്‍റെ ഈ വിജയം ദുല്‍ഖര്‍ (Dulquer Salman) തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവയ്‌ക്കുകയായിരുന്നു. 'കുറുപ്പി'ന്‍റെ ഈ കുതിപ്പില്‍ പ്രേക്ഷകരോട് നന്ദി അറിയിച്ചിരിക്കുകയാണ് താരം. ഈ വിജയം കൂട്ടായ്‌മയുടേതാണെന്നാണ് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും 'കുറുപ്പി'ന്‍റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്‌ഫുള്‍ ആയിരുന്നു. കേരളത്തില്‍ മാത്രം ആദ്യ ദിനം 505 സ്‌ക്രീനുകളിലും ലോകമാകെ 1500 സ്‌ക്രീനുകളിലുമായിരുന്നു ചിത്രം റിലീസിനെത്തിയത്. കേരളത്തില്‍ മാത്രം ആദ്യ ദിനം 2600ല്‍ അധികം ഷോ നടന്നു. ചെന്നൈ സിറ്റിയില്‍ നിന്ന് മാത്രം ആദ്യ ദിനം പത്ത് ലക്ഷം രൂപയാണ് കുറുപ്പ് നേടിയത്.
Also Read:'സെങ്കിണിക്ക് സൂര്യയുടെ സഹായമെത്തി': പാര്‍വതി അമ്മാളിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തമിഴിലും തെലുങ്കിലും ചിത്രം സ്വീകാര്യത നിലനിര്‍ത്തി. തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെർ ഫിലിംസും എം സ്റ്റാർ എന്‍റ്ർടൈൻമെന്‍റ്‌സും (Wayfarer films And M Star Entertainments) ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദുൽഖർ സൽമാന്‍റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് 'കുറുപ്പി' ന്‍റെയും സംവിധായകന്‍. ജിതിൻ കെ ജോസ് ആണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെഎസ് അരവിന്ദും ചേർന്നാണ്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് (Sobhitha Dhulipala) ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്‌മനാഭൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.