മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ കിരീടം. അച്ഛനെ തല്ലുന്നത് കണ്ട് കൊലപാതകിയായി മാറിയ സേതുമാധവൻ മോഹൻലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു.
ഇന്നായിരുന്നെങ്കില്‍ 'കിരീടം' സാധ്യമാവില്ലായിരുന്നു; സിബി മലയില്‍ - കിരീടം സിനിമ
ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1989 ലാണ് പുറത്തിറങ്ങിയത്.

എന്നാല്‍ ഇന്നത്തെ തലമുറ ചിന്തിക്കുന്നതിന് അനുസരിച്ചാണെങ്കില്‍ കിരീടം സിനിമ സാധ്യമാവില്ലായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍ അഭിപ്രായപ്പെട്ടു. അച്ഛനെ തല്ലുന്നത് കാണുമ്പോള്‍ എസ് ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാര്‍ഥി തന്നോട് പറഞ്ഞതായി സിബി മലയില്‍ പറഞ്ഞു.
'അടുത്തിടെ ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ഥിയാണ് പറഞ്ഞത്, അച്ഛനെ തല്ലുന്നത് കാണുമ്പോള്‍ എസ് ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. എസ് ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം. അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകള്‍', സിബി മലയില്‍ പറയുന്നു. വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് ശരിയായി അവര്‍ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതെന്നും സിബി കൂട്ടിച്ചേര്‍ത്തു.