‘മഹാനടി’ എന്ന തമിഴ്-തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി കീർത്തി സുരേഷ്. അനശ്വര നായിക സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ‘മഹാനടി’ യിലെ അഭിനയത്തിനാണ് കീര്‍ത്തിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. സാവിത്രിയായുള്ള കീര്‍ത്തിയുടെ പ്രകടനം മുമ്പും നിരൂപക പ്രശംസ നേടിയിരുന്നു.
മലയാളത്തിന്‍റെ അഭിമാനമായി കീർത്തി സുരേഷ്
രണ്ട് വർഷത്തിന് ശേഷമാണ് ഒരു മലയാളി നടി ദേശീയ പുരസ്കാരം നേടുന്നത്.
മുൻകാലനടി മേനകയുടെയും ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്‍റെയും മകളായ കീർത്തി ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു കീർത്തിയുടെ നായികയായുള്ള അരങ്ങേറ്റം. കീർത്തിയുടെ കരിയറിനെ ‘മഹാനടി’ക്ക് മുമ്പും ശേഷവും എന്ന് തന്നെ വിശേഷിപ്പിക്കാം. കാരണം കീർത്തിയുടെ താരമൂല്യം ഉയരുന്നത് ‘മഹാനടി’ക്ക് ശേഷമാണ്. ഇപ്പോഴിതാ, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തേടിയെത്തിയിരിക്കുന്നു. ഒരു നടി എന്ന രീതിയിൽ കീർത്തി ഉദിച്ചുയർന്ന ചിത്രമായിരുന്നു ‘മഹാനടി’. തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ നായികയായിരുന്ന, ജെമിനി ഗണേശന്‍റെ കാമുകിയും ജീവിതസഖിയുമായിരുന്ന സാവിത്രിയുടെ ജീവിതത്തെ അതിമനോഹരമായി അഭ്രപാളികളിൽ ആവിഷ്കരിക്കാൻ കീർത്തിക്കായി.
രണ്ട് വർഷത്തിന് ശേഷമാണ് ഒരു മലയാളി നടി ദേശീയ പുരസ്കാരം നേടുന്നത്. 2016 ൽ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയാണ് ഏറ്റവും ഒടുവിൽ ദേശീയ പുരസ്കാരം മലയാളത്തിലേക്ക് എത്തിച്ചത്. 2017ൽ മരണാനന്തര ബഹുമതിയായി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ശ്രീദേവിയായിരുന്നു.