കപില്‍ ദേവായി രൺവീർ, ശ്രീകാന്തായി ജീവ - kapil dev
ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രനിമിഷമാണ് 1983ലെ ലോകകപ്പ് കിരീടനേട്ടം. ലോര്‍സ്ഡില്‍ അന്ന് കപിലിന്‍റെ ചെകുത്താന്മാര്‍ കൈവരിച്ച നേട്ടമാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ വിപ്ലവത്തിന് വഴിവച്ചത്.
ബോളിവുഡില്‍ ഇത് ബയോപ്പിക്കുകളുടെ കാലമാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവിന്‍റെയും ബയോപ്പിക് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
സൂപ്പര്‍താരം രണ്‍വീര്‍ സിങാണ് ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത്. '83' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തമിഴില്‍ നിന്നും നടന്‍ ജീവയും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്.
1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. കഥാപാത്രത്തിനായി ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായാണ് വിവരം. ക്രിക്കറ്റ് താരമാകാനുള്ള പരിശീലനവും താരം ആരംഭിച്ചു കഴിഞ്ഞു. ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് '83'. സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി നവാസുദ്ദീന്‍ സിദ്ധിഖി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രം ഏപ്രിലില്‍ റിലീസിനെത്തുമെന്നാണ് സൂചനകള്‍.