‘മണികർണിക: ദ ക്യൂൻസ് ഓഫ് ഝാൻസി’യെന്ന ഐതിഹാസിക ചിത്രത്തിന് ശേഷം മുൻ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാൻ ഒരുങ്ങി നടി കങ്കണ റണാവത്ത്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴില്‍ ‘തലൈവി’ എന്ന പേരിലും ഹിന്ദിയില്‍ 'ജയ' എന്ന പേരിലുമാണ് ഒരുങ്ങുന്നത്.
ബാഹുബലിക്കും മണികർണികയ്ക്കും തിരക്കഥയെഴുതിയ കെആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. “രാജ്യത്തെ ഏറ്റവും കരുത്തയായ നേതാക്കളിൽ ഒരാളായിരുന്നു ജയലളിത. അവരെ കുറിച്ച് ഒരു ജീവചരിത്ര സിനിമ ഒരുക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. വളരെ ശ്രദ്ധയോടും സത്യസന്ധതയോടെയും ഞങ്ങൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഡൈനാമിക് ലീഡറായ ജയലളിത മാഡത്തെ അവതരിപ്പിക്കാൻ ഇന്ത്യയിലെ വലിയൊരു താരവും പ്രതിഭാധനയുമായ കങ്കണ തന്നെ തയ്യാറായതിൽ സന്തോഷവും അഭിമാനവുമുണ്ട്,” എഎൽ വിജയ് പറഞ്ഞു.