"ഇവനാര്... യേശുദാസോ!!!!!!" എന്ന് പ്രയോഗിക്കാത്ത മലയാളികളുണ്ടാകില്ല. കൂട്ടം കൂടിയിരിക്കുന്ന സംഘത്തിൽ പാടുന്നയാളുണ്ടെങ്കിൽ ഒരിക്കലെങ്കിലും നാം അത്തരത്തിൽ സംസാരിച്ചിരിക്കും. അത്ര പ്രിയപ്പെട്ട സ്വരമാധുര്യമായതിനാലാണ് അന്നും ഇന്നും എന്നും ഗായകൻ എന്നാൽ മലയാളികൾക്ക് അത് യേശുദാസാകുന്നത്.
പിറന്നാൾ ദിനത്തിൽ അമ്മക്ക് മുമ്പിൽ കുടുംബ സമ്മേതമെത്തുന്ന യേശുദാസ് ഇന്നും ആ പതിവ് തെറ്റിച്ചിട്ടില്ല. കൊല്ലൂർ മൂകാമ്പിക ക്ഷേത്രത്തിൽ ഇന്നലെ തന്നെ അദ്ദേഹം സന്നിഹിതനായി.
നേടിയ പുരസ്‌കാരങ്ങളുടെ ശ്രേഷ്‌ഠതയോ പാടിയ നാൽപ്പതിനായിരത്തോളം പാട്ടുകളുടെ പെരുപ്പമോ ഒന്നുമല്ല, മറിച്ച് ആറുപതിറ്റാണ്ടോളം പ്രതിഭ നിലനിർത്തിയ ഏഴ് ശൈലിയിൽ അഥവാ ശ്രേണിയിൽപ്പെട്ട പാട്ടുകൾ പാടാനാകുന്ന മറ്റൊരു സ്വരത്തിനുടമ ഇല്ലെന്നതാണ് യേശുദാസിനെ വ്യത്യസ്‌തനാക്കുന്നത്. ആകാശവാണി നടത്തിയ ശബ്‌ദ പരിശോധനയിൽ പരാജയപ്പെട്ട അദ്ദേഹം മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ (8) നേടിയെന്നതും ചരിത്രം.
1965 മുതൽ മലയാളഗാന രംഗത്ത് സജീവമായി തുടങ്ങിയ യേശുദാസ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. അസാമീസ്, കൊങ്കണി, കശ്‌മീരി എന്നീ ഭാഷകളിലൊഴികെ ഒട്ടുമിക്ക ഭാരതീയ ഭാഷകളിലും ഗാനഗന്ധർവന്‍റെ ശബ്‌ദം ഈണങ്ങളായി മാറിയിട്ടുണ്ട്.
വരികളെ തേൻതുള്ളിയാക്കുന്ന അത്ഭുത പ്രതിഭയിന്ന് 80-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ മലയാളികൾ തൊഴുകൈകളോടെ ചോദിക്കുകയാണ്.. ദാസേട്ടാ, നിങ്ങളില്ലായിരുന്നെങ്കിൽ !!!