കേരളം

kerala

ETV Bharat / sitara

തന്‍റെ സുഹൃത്തിന്‍റെ മകനെ പ്രശംസിച്ചും സിനിമ പൂർത്തിയാക്കണമെന്ന് ഉപദേശിച്ചും ജോയ് മാത്യു - ഷെയിന്‍ നിഗം

സിനിമയെന്നത് ഒരു വ്യവസായമാണെന്നും നായകനായി ജീവിക്കാമെന്നാഗ്രഹിച്ചു വരാത്ത ഷെയിനിനെ പോലുള്ള കലാകാരന്മാർക്ക് അതൊരു വെല്ലുവിളിയാണെന്നും ജോയ്‌ മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

Joy Mathew on Shane Nigam  Joy Mathew facebook post  Shane Nigam controversy  ജോയ് മാത്യു  ജോയ് മാത്യു ഫേസ്ബുക്ക്  ഷെയിന്‍ നിഗം  ഷെയിന്‍ നിഗം ജോയ് മാത്യു
ഷെയിന്‍ നിഗം ജോയ് മാത്യു

By

Published : Dec 3, 2019, 12:38 PM IST

ഷെയ്‌നിനെതിരെ വിവാദങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ തന്‍റെ നിലാപാട് അറിയിച്ചുകൊണ്ട് നടനും സംവിധായകനുമായ ജോയ്‌ മാത്യു. ഷെയിന്‍ നിഗം എന്ന കലാകാരനെ പ്രശംസിച്ചും ഒപ്പം സിനിമ എന്ന വ്യവസായത്തിന്‍റെ ഭാഗമാകുമ്പോഴുള്ള ഉത്തരവാദിത്വം ഓര്‍മിപ്പിച്ചും ജോയ് മാത്യുവും രംഗത്തെത്തിയിരിക്കുകയാണ്. അകാലത്തിൽ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപമല്ല ഷെയിനിനുള്ളത്. പകരം സർവവിജ്ഞാനികളും വിജയിക്കാൻ മാത്രം പിറന്നവരുമായ നായക സങ്കല്‌പങ്ങളിൽ കുറ്റിയടിച്ചു നിന്നുപോയ മലയാള സിനിമയിൽ മാറ്റം കൊണ്ടുവരുന്നതിൽ താരത്തിന് സാധിച്ചെന്നും ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.

"ഷൈൻ നിഗം അടിമുടി ഒരു കലാകാരനാണ്. അയാൾ ആദ്യമായി അഭിനയിച്ചത് 'അന്നയും റസൂലും' എന്ന രാജീവ് രവിയുടെ ചിത്രത്തിൽ എന്‍റെ മകനായിട്ടാണ്." പിന്നീട് ഷെയിൻ സംവിധാനം ചെയ്യുന്ന ഒരു ഷോട്ട് ഫിലിമിൽ അഭിനയിക്കാനായി തന്നെ വിളിച്ചെങ്കിലും അബിയുടെ നിർദേശപ്രകാരം ഷെയിനിന്‍റെ പരീക്ഷ പൂർത്തിയാക്കിയതിന് ശേഷം എത്താമെന്ന് അറിയിച്ചു.
നായകനായി ജീവിക്കാമെന്ന മോഹവുമായി എത്തുന്നവരിൽ നിന്ന് വ്യത്യസ്‌തമാണ് ഷെയ്‌ൻ. അതിനാൽ തന്നെ അയാളുടെ രീതികളും എടുത്തു ചാട്ടങ്ങളും അച്ചടക്കമില്ലായ്‌മയായിതോന്നാമെന്നും ജോയ്‌ മാത്യു വ്യക്തമാക്കി.

മുടക്കുമുതലും ലാഭവും പ്രതീക്ഷിക്കുന്ന ഒരു വ്യവസായമാണ് സിനിമ. അവിടെ അച്ചടക്കം ആവശ്യമാണ്. എന്നാൽ അച്ചടക്കത്തിന്‍റെയും പൊരുത്തപ്പെടലുകളുടെയും ലോകത്തേക്ക് ചുരുങ്ങുക എന്നതും അഭിനേതാക്കൾക്ക് വെല്ലുവിളിയാണ്. ക്ലോസ് കിൻസ്‌കി എന്ന നടനും വെർണർ ഹെറോസ് എന്ന സംവിധായകനും തമ്മിലുള്ള തർക്കവും പിന്നീടവർ സിനിമക്ക് വേണ്ടി സഹകരിച്ച് പ്രവർത്തിക്കാറുള്ളതും ഫേസ്‌ബുക്ക് പോസ്റ്റിൽ ജോയ്‌ മാത്യു ഓർമപ്പെടുത്തുന്നുണ്ട്. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കണമെന്ന് അദ്ദേഹം തന്‍റെ പഴയ സുഹൃത്തിന്‍റ മകനോട് ആവശ്യപ്പെടുന്നു. ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജോയ്‌ മാത്യു തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജോയ് മാത്യുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ
ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാൽ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈൻ നിഗം
എത്തുന്നത്.ഇടക്കെവിടെയോ വെച്ചു സർവ്വ
വിജ്ഞാനികളും വിജയിക്കാൻ മാത്രം പിറന്നവരുമായ നായക
സങ്കല്പങ്ങളിൽ കുറ്റിയടിച്ചു നിന്നുപോയ മലയാള സിനിമയിലേക്ക്
മാറ്റത്തിന്റെ കാറ്റിനൊപ്പം ഒരു തൂവലിന്റെ ലാഘവത്തോടെ ഷൈൻ
പറന്നിറങ്ങിയത്. അകാലത്തിൽ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതൽ.അങ്ങനെയായിരുന്നെങ്കിൽ അന്തരിച്ച പല നടന്മാരുടെയും മക്കൾ തിരശീലയിൽ തിളങ്ങേണ്ടതായിരുന്നില്ലേ?
ഷൈൻ നിഗം അടിമുടി ഒരു കലാകാരനാണ്.അയാൾ ആദ്യമായി
അഭിനയിച്ചത് 'അന്നയും റസൂലും' എന്ന രാജീവ് രവിയുടെ ചിത്രത്തിൽഎന്റെ മകനായിട്ടാണ്. പിന്നീട് എന്നെ ഷൈൻ വിളിക്കുന്നത് അയാളും കൂട്ടുകാരും ചേർന്നു ചെയ്യുന്ന, ഷൈൻ തന്നെ സംവിധാനം ചെയ്യുന്ന ഒരു ഷോട്ട് ഫിലിമിൽ അഭിനയിക്കാനാണ്. അന്നവന് ഇരുപത് വയസ്സ്
തികഞ്ഞിട്ടുണ്ടോ എന്ന് സംശയം. ലഘു ചിത്രം എന്നതിൽ നിന്നും ഞാൻ ഒഴിയാൻ നോക്കിയെങ്കിലും അവൻ എന്നെ വിടാതെ വിളിച്ചു കൊണ്ടിരുന്നു.ഒടുവിൽ ഞാൻ രണ്ടു ദിവസം അവനുവേണ്ടി മാറ്റിവെച്ചു. അപ്പോഴാണ്അബി വിളിക്കുന്നത്. ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടില്ല, ഷൈനിന്റെ പടത്തിൽ ഇപ്പോൾ അഭിനയിക്കരുത്.അവന്റ പരീക്ഷ അടുത്തിരിക്കയാണ്. പഠിത്തം ഉഴപ്പിപ്പോകും, താങ്കളും ഒരച്ഛനല്ലേ എന്റെ വിഷമം മനസ്സിലാകുമല്ലോ എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും ഒരച്ഛനായി. ഷൈൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, മോനെ ഞാൻ വന്നു
അഭിനയിക്കാം. പരീക്ഷ കഴിഞ്ഞിട്ട് പോരെ?
പിന്നെ ഷൈൻ വിളിച്ചില്ല, പക്ഷെ തിരശീലയിൽ സജീവമായി. പറഞ്ഞുവന്നത്, നായകനായി ജീവിച്ചു കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളിൽ ഒരാളായിട്ടല്ല ഷൈനിനെ ഞാൻ കാണുന്നത്.
അതുകൊണ്ടാണ്അ യാളുടെ രീതികൾ, എടുത്തു ചാട്ടങ്ങൾ, എല്ലാം അച്ചടക്കമില്ലായ്മയായി നാം വിലയിരുത്തിപ്പോകുന്നത്.
സിനിമ ഒരു വ്യവസായം എന്ന നിലയിൽ തന്നെയാണ്
കാണേണ്ടത്.മുടക്കുമുതലും ലാഭവും ലക്ഷ്യമാക്കുന്ന എന്തും വ്യവസായം തന്നെ. അത്‌ ലാഭം മാത്രം പ്രതീക്ഷിക്കുന്നു. അതിനാൽ അച്ചടക്കവും പ്രതീക്ഷിക്കുന്നു.
ഓരോ മണിക്കൂറിനും പണമാണ് നഷ്ടം.
അതുകൊണ്ടാണ് അഭിനേതാക്കൾക്ക് അസുഖം വരാതെ നോക്കാൻ
നിർമ്മാതാക്കൾ ജാഗ്രത പുലർത്തുന്നത്. അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ല. സാങ്കേതിക വിദഗ്ധർക്ക് പകരക്കാരുണ്ടാവാം എന്നാൽ അഭിനേതാക്കൾക്ക് പകരക്കാർ ഉണ്ടാവില്ല.അച്ചടക്കത്തിന്റെയും പൊരുത്തപ്പെടലുകളുടെയും ലോകത്തേക്ക് ചുരുങ്ങുക ശരിയായ
കലാകാരന്മാർക്ക് വലിയ വെല്ലുവിളിയാണ്. ഒരു ഭാഗത്തു
സാമ്പത്തികമായ സൗഭാഗ്യങ്ങൾ. മറുഭാഗത്ത് പൊരുത്തപ്പെടലുകളുടെ മാനസിക സംഘർഷം.
ഷൈൻ നിഗം എന്ന കലാകാരനെ അറിയുന്ന സംവിധായകർ അയാളുടെ പ്രതിഭ മനസ്സിലാക്കി സിനിമയുണ്ടാക്കുവാൻ ശ്രമിക്കുമ്പോൾ ഷൈൻ നിഗം എന്ന കച്ചവട ചരക്കിനെ വിറ്റു ലാഭമുണ്ടാക്കുവാൻ നിർമ്മാതാക്കളും
ശ്രമിക്കുന്നു.സ്വാഭാവികമായും ഇത് അവർക്കിടയിൽ പ്രതിസന്ധി സൃഷിക്കുന്നു.
ലോകം കണ്ട എക്കാലത്തെയും മികച്ച നടനായ Klaus Kinsky യും
ലോകത്തിലെതന്നെ മികച്ച സംവിധായകനായ Werner Herzog ഉം തമ്മിൽ വഴക്കടിക്കുന്നതും പിന്നീട് സഹകരിക്കുന്നതും പോലുള്ള നിരവധി സംഭവങ്ങൾ സിനിമയുടെ ചരിത്രം അറിയാനാഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം സർഗ്ഗാത്മക വിസ്ഫോടനങ്ങൾ മികച്ച കലാസൃഷ്ടിയുടെ പിറവിക്ക് പിന്നിൽ ധാരാളം ഉണ്ട്. ദൗർഭാഗ്യവശാൽ ഇവിടെ കലാമൂല്യത്തേക്കാൾ മൂലധനവും താരമൂല്യവും തമ്മിലാണ്പ്രശ്നം.
സമയബന്ധിതമാണ് എല്ലാ വ്യാപാരങ്ങളും. അതിന്റേതായ
സംഘർഷങ്ങൾ ഓരോ നിർമ്മാതാവിനുമുണ്ടാവും. അത്തരം
വ്യാപാരങ്ങളിൽ പങ്ക് കൊള്ളുന്നവരെല്ലാം തന്നെ സമയത്തെ
അനുസരിക്കാൻ നിര്ബന്ധിതരാണ്. സിനിമയിൽ സമയം എന്നാൽ
പണമാണ്.അപ്പോൾ അതിൽ പങ്കെടുക്കുന്നവർ എല്ലാവരും തങ്ങളുടെ അന്തഃസംഘര്ഷങ്ങളെ അടക്കിവെക്കാനും പൊരുത്തപ്പെടാനും തയ്യാറാവണം.ഒരാൾ സമയം തെറ്റിച്ചാൽ ഒരുപാട് പേരുടെ സമയം തെറ്റും, ലോകത്തിന്റെ തന്നെ സമയം തെറ്റും എന്ന് എല്ലാവരുംമനസ്സിലാക്കിയാൽ നന്ന്. പ്രത്യേകിച്ചും താരകേന്ദ്രീകൃതമായ ഒരു വ്യവസായത്തിൽ.പ്രത്യേകിച്ചും ഷൈൻ നിഗം സിനിമ എന്നതാവുമ്പോൾ
ഉത്തരവാദിത്വം കൂടുകയാണ്. നായകനായി നടിക്കുന്നർക്ക് ഉള്ളത് പോലെ മനസ്സംഘർഷങ്ങൾ മറ്റുള്ളവർക്കും ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ നമ്മൾ മണ്ണിലേക്ക് വരും,, ;വരണം.
കച്ചവടം എന്ന നിലക്കല്ലാതെ, സമയബന്ധിതമല്ലാത്ത ഒരു
കലാപ്രവർത്തനത്തിനു ഇതൊന്നും ഭാഗമല്ല തന്നെ. എന്നാൽ കച്ചവടത്തിന്കൂട്ട് നിൽക്കുമ്പോൾ അനുരഞ്ജനത്തിന്റെ കുരിശ് സ്വയം ചുമക്കുക അതേ വഴിയുള്ളൂ.ഷൈനിനെപ്പോലെ ലാഭക്കൊതിയെഇഷ്ടപ്പെടാതിരിക്കുകയും എന്നാൽ അതിന്റെ ഭാഗഭാക്കുകയും ചെയ്യേണ്ടിവരുന്ന നിരവധി പേരുണ്ട്. അവർക്കും ഇതേ സംഘർഷങ്ങൾ ഉള്ളിലുണ്ട്.
പക്ഷെ അടക്കിവെച്ചേപറ്റൂ, അതാണീ രംഗം. അതിനാൽ
ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുക. പണിതീരാത്ത വീടുകൾ
ദുശ്ശകുനക്കാഴ്ചകളാണ്, സങ്കടങ്ങളാണ്, ഒരുപാട് പേരുടെ കണ്ണീരാണ്.
മറ്റുള്ളവരുടെ കണ്ണുനീർ തുടക്കുവാൻ കഴിയില്ലെങ്കിലും താൻ കാരണം മറ്റുള്ളവരെ കരയിക്കാതിരിക്കാനെങ്കിലും കലാകാരന് കഴിയണ്ടേ?
കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി
ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല."

ABOUT THE AUTHOR

...view details