പാതിമലയാളിയായ ബോളിവുഡ് സൂപ്പര്‍ താരമാണ് ജോണ്‍ എബ്രഹാം. കേരളത്തോടുള്ള സ്‌നേഹം തുറന്ന് പറയാന്‍ താരം മടികാണിക്കാറില്ല. ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം. മലയാളിയായ മാധ്യമപ്രവർത്തകൻ മുരളി കെ മേനോന്‍റെ നോവല്‍ 'ദി ഗോഡ് ഹു ലവ്ഡ് മോട്ടോർബൈക്ക്സി'ന്‍റെ പ്രകാശനത്തിന് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
'മോഡി-ഫൈഡ്' ആകാത്തതാണ് കേരളത്തിന്‍റെ സൗന്ദര്യം: ജോണ്‍ എബ്രഹാം
ലോകം മുഴുവന്‍ ധ്രുവീകരിക്കപ്പെട്ടാലും കേരളം സഹവര്‍ത്തിത്വത്തിനും മതനിരപേക്ഷതക്കും ഉദാഹരണമായി നിലനില്‍ക്കുമെന്ന് ജോൺ എബ്രഹാം വ്യക്തമാക്കി.
കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോഡിഫൈഡ്' ആകാത്തതെന്നും എന്താണ് കേരളീയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നുമായിരുന്നു പരിപാടിയുടെ മോഡറേറ്ററായിരുന്ന നമ്രത സക്കറിയ ജോൺ എബ്രഹാമിനോട് ചോദിച്ചത്. 'അതാണ് കേരളത്തിന്‍റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യൻ മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.' ജോൺ മറുപടി നല്‍കി.
ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് താൻ കേരളം സന്ദര്‍ശിച്ചിരുന്നെന്നും അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും തനിക്ക് കാണാന്‍ കഴിഞ്ഞെന്നും താരം വ്യക്തമാക്കി. 'കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. എന്‍റെ അച്ഛനും ഒരു കമ്യൂണിസ്റ്റാണ്. അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്‌സിസ്റ്റ് ലേഖനങ്ങൾ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്‍റെ തുല്യമായ വിതരണത്തിലുമാണ്. അതിന്‍റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം' ജോണ്‍ എബ്രഹാം പറഞ്ഞു.