മലയാളത്തിന്‍റെ എക്കാലത്തെയും വിസ്മയമായിരുന്നു സംവിധായകനും സാഹിത്യകാരനുമായ ജോൺ എബ്രഹാം. അദ്ദേഹത്തിന്‍റെ ഓർമ്മകൾക്ക് ഇന്ന് 32 വർഷം തികയുകയാണ്.
ചേന്നങ്കരി വാഴക്കാട് പടവുപുരയ്ക്കൽ വി ടി എബ്രഹാമിന്‍റെയും സാറാമ്മയുടെയും നാലമത്തെ മകനായായി 1937 ഓഗസ്റ്റ് 11 നാണ് ജോൺ എബ്രഹാമിന്‍റെ ജനനം. സിഎംഎസ് കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം പ്രൈവറ്റ് കോളേജില്‍ അധ്യാപകനായും പിന്നീട് എല്‍ഐസിയില്‍ അസിസ്റ്റന്‍റായും അദ്ദേഹം ജോലി നോക്കിയിരുന്നു. പിന്നീടാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്നത്. സംവിധാനത്തിലും തിരക്കഥ എഴുത്തിലും സ്വർണ മെഡലോടെ പഠിച്ചിറങ്ങിയ ജോൺ മലയാള സിനിമയുടെ ചലച്ചിത്രശീലങ്ങളെ മാറ്റി എഴുതിയ സംവിധായകനായി മാറാൻ അധികം കാലതാമസമുണ്ടായില്ല. തന്‍റെ സിനിമാ ജീവിതത്തില്‍ ആകെ നാല് സിനിമകൾ മാത്രമായിരുന്നു ജോൺ സംവിധാനം ചെയ്തത്. വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ, അഗ്രഹാരത്തിലെ കഴുതൈ, ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍ എന്നിവ. എന്നാല്‍ സിനിമ മാത്രം മേല്‍വിലാസമായി സ്വീകരിച്ച ആ ഒറ്റയാൻ പ്രതിഭയുടെ തലയെടുപ്പറിയാന്‍ ഈ ചിത്രങ്ങൾ മതിയാവോളമാണ്.
ജോണിന്‍റെ സിനിമകളിലെല്ലാം രാഷ്ട്രീയ സാമൂഹ്യ വിമർശനങ്ങൾ ഉൾചേർന്നിരുന്നു. 1972 ല്‍ മധു, ജയഭാരതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'വിദ്യാർത്ഥികളെ ഇതിലെ ഇതിലെ' ആയിരുന്നു ജോണിന്‍റെ ആദ്യ ചിത്രം. കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമർശനം കൂടിയായി മാറി ഈ ചിത്രം. നവസിനിമകളില്‍ അന്ന് മറ്റൊന്നിനോടും താരതമ്യം പോലും ചെയ്യാനാകാത്ത വിധം ഭാവശില്‍പ്പത്തില്‍ വ്യത്യസ്തമായിരുന്നു ജോണിന്‍റെ രണ്ടാം ചിത്രം 'അഗ്രഹാരത്തില്‍ കഴുതൈ'. ചിത്രം തമിഴ്നാട്ടില്‍ വലിയ കോലാഹലങ്ങൾ ഉയർത്തിയതിനെ തുടർന്ന് സിനിമ തമിഴ്നാട്ടില്‍ പ്രദർശിപ്പിക്കരുതെന്ന് സർക്കാർ നിഷ്കര്‍ഷിച്ചു. എന്നാല്‍ പ്രതിഷേധങ്ങൾക്കെല്ലാം മറുപടിയായി അക്കൊല്ലത്തെ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം 'അഗ്രഹാരത്തില്‍ കഴുതൈ'ക്ക് ലഭിച്ചു. മൂന്നാം ചിത്രം 'ചെറിയച്ചാന്‍റെ ക്രൂരകൃത്യങ്ങളി'ലൂടെ ജോൺ കറുത്ത ഹാസ്യത്തിന്‍റെ തേങ്ങല്‍ ഇന്ത്യൻ സിനിമയില്‍ കേൾപ്പിച്ചു. ചിത്രത്തിലെ അടൂർ ഭാസിയുടെ കരിയർ ബെസ്റ്റ് പ്രകടനം സംസ്ഥാന സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിന് നേടി കൊടുത്തു. ജോണിന് പ്രത്യേക പരാമർശവും ലഭിച്ചു. സിനിമയുടെ പതിവ് സൗന്ദര്യ സങ്കല്‍പ്പങ്ങളെ തച്ചുടച്ച 'അമ്മ അറിയാൻ' ആണ് ജോണിന്‍റെ ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടി. അവസാനത്തേതും. ജനങ്ങളില്‍ നിന്ന് ചെറിയ തുക പിരിച്ചെടുത്താണ് അദ്ദേഹം അമ്മ അറിയാൻ പൂർത്തിയാക്കിയത്. ബ്രിട്ടീഷ് അക്കാദമിയുടെ മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഇടം നേടിയ ഏക ചിത്രമാണ് 'അമ്മ അറിയാൻ'. വിഷയം കൊണ്ട് മാത്രമല്ല, മികവ് കൊണ്ടും ജോണിന്‍റെ സിനിമകള്‍ വേറിട്ട് നില്‍ക്കുന്നു. ലോങ്ങ് ഷോട്ടുകളും പശ്ചാത്തല സംഗീതവും അതിന്‍റെ പ്രാധാന്യം ഒട്ടും ചോരാതെ ജോണ്‍ തന്‍റെ സിനിമയില്‍ ഉൾക്കൊളിച്ചു. ഇന്നും ജോണിന്‍റെ സിനിമകൾ സിനിമ വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിധേയമാക്കുന്നതും അത് കൊണ്ട് തന്നെയാണ്.
ജോൺ എബ്രഹാം ഇ കെ നായനാരില്‍ നിന്നും സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങുന്നു നിഷേധി, കള്ളുകുടിയന്‍, അവധൂതന്‍, അരാജകവാദി, ബുദ്ധിജീവി - പലര്‍ക്കും പലതായിരുന്നു ജോൺ. സാഹിത്യകാരൻ കൂടിയായ ജോണിനെക്കുറിച്ചുള്ള കഥകള്‍ സിനിമയെ വെല്ലുവിളിക്കാന്‍ തക്കവിധം നാടകീയമായിരുന്നു. ജോണിന്‍റെ വേഷവും രൂപവും അദ്ദേഹത്തെ പലപ്പോഴും ഏതോ ഒരു ഊരുതെണ്ടിയായി ധരിക്കാനിടയാക്കിയിരുന്നു. 1987 മെയ് മുപ്പതിന് 49-ാംവയസ്സിലാണ് ജോണ്‍ ലോകത്തോട് വിട പറഞ്ഞത്. കോഴിക്കോട്ട് അങ്ങാടിയില്‍ പണിഞ്ഞുകൊണ്ടിരുന്ന ഒയാസിസ് കോംപ്ലക്‌സിന്‍റെ മുകളില്‍ നിന്ന് വീണ ജോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ജോണിനെ മനസ്സിലാവാതിരുന്നതിനാല്‍ 'അൺനോൺ ബെഗ്ഗർ' എന്ന പേരിലാണ് അന്ന് രജിസ്റ്റർ ചെയ്തത്. മരണപ്പെട്ടിട്ട് 32 വർഷം തികയുന്നെങ്കിലും ഇനിയും ആ ജീവിതം ചർച്ച ചെയ്യപ്പെടും. ലഹരിയുടെ കത്തുന്ന കണ്ണുകളുമായി, സിനിമ ഉള്ളിടത്തോളം കാലം ജോൺ വിടാതെ നമ്മെ പിന്തുടരുകയും ചെയ്യും.