Jayasurya about Muhammed Riyas : കേരളത്തിലെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള ജയസൂര്യയുടെ ചോദ്യവും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 'പൊതുവേദിയില്‍ തന്‍റെ ഉള്ളില്‍ തോന്നുന്നത് താന്‍ പറഞ്ഞോട്ടെ' എന്ന് ജയസൂര്യ ചോദിച്ചപ്പോള്‍, 'ഉള്ളില്‍ തോന്നിയത് പറയുന്ന ആളായത് കൊണ്ടാണ് മുഖ്യാഥിതിയായി പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്' എന്നായിരുന്നു മന്ത്രിയുടെ മറുപടി. പൊതുവേദിയിലുണ്ടായ നിമിഷങ്ങളെ കുറിച്ചും മന്ത്രിയും ഒന്നിച്ചുള്ള അനുഭവത്തെ കുറിച്ചും ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.
Jayasurya facebook post about Muhammad Riyas : 'ഞാൻ എന്‍റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്‍റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർഥതയുടെ ശബ്‌ദമായിരുന്നു.
'ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽ നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽ നിന്ന് കേട്ടിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാര്‍ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല.