സിനിമാ ലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് മാളവിക ജയറാമിന്‍റേത്. ചേട്ടൻ കാളിദാസൻ അഭിനയലോകത്തേക്ക് ചുവട് വെച്ചപ്പോഴും സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ജയറാമിന്‍റെയും പാർവതിയുടെയും മകൾ മാളവിക എന്ന ചക്കി. എന്നാൽ ഇപ്പോഴിതാ മോഡലിങ് രംഗത്തേക്ക് കടന്ന് ജീവിതത്തിലെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണ് മാളവിക.
മോഡലിങ്ങിലേക്ക് ചുവട് വച്ച് ജയറാമിന്‍റെയും പാർവതിയുടെയും ചക്കി - മാളവിക ജയറാം
യു കെയില്‍ നിന്നും സ്പോർട്സ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് മാളവിക മോഡലിങ്ങ് രംഗത്തേക്ക് കടന്നിരിക്കുന്നത്.
ടെക്സ്റ്റൈൽ ബ്രാൻഡിന്‍റെ മോഡലായിട്ടാണ് മാളവികയുടെ മോഡലിങ്ങിലേക്കുള്ള അരങ്ങേറ്റം. തന്‍റെ ജീവിതത്തിലെ പുതിയ മൈൽസ്റ്റോണിനെ കുറിച്ചുള്ള വിശേഷങ്ങൾ ദീപാവലി ദിനത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മാളവിക പങ്കുവച്ചു. ബ്രൈഡൽ ബനാറസി സാരികളുടെ മോഡലായാണ് മാളവിക എത്തുന്നത്. പഴയ ലുക്കിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് മാളവിക ചിത്രത്തിൽ എത്തുന്നത്.
സിനിമയില്‍ തുടക്കം കുറിച്ചില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കാളിദാസനെ പോലെ അധികം വൈകാതെ സിനിമയിലും മാളവികയെ കാണാൻ കഴിയുമോ എന്നാണ് ആരാധകരുടെ ചോദ്യം.