താരസാന്നിധ്യം കൊണ്ടും മികച്ച അണിയറപ്രവർത്തരുടെ സാന്നിധ്യം കൊണ്ടും ആരാധകർ ഏറെ പ്രതീക്ഷിയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണി രത്നം ഒരുക്കുന്ന സ്വപ്ന ചിത്രം പൊന്നിയിൻ സെൽവൻ. ചിത്രത്തിന്‍റെ പോസ്റ്ററിനും കാരക്‌ടർ പോസ്റ്ററിനും ലഭിച്ച പ്രേക്ഷക പിന്തുണ ചെറുതല്ല. ഇപ്പോൾ ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെ ചിത്രീകരണം പൂർത്തിയായെന്ന വാർത്തയാണ് പുതുതായി പുറത്തുവരുന്നത്.
മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മദ്രാസ് ടാക്കീസിന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചത്.
എക്കാലത്തെയും മികച്ച താരങ്ങളാൽ സമ്പന്നമായ മണി രത്നത്തിന്‍റെ മാസ്റ്റർപീസായ പൊന്നിയിൻ സെൽവന്‍റെ ചിത്രീകരണം 2019 ഡിസംബറിൽ ആണ് ആരംഭിച്ചത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, തൃഷ കൃഷ്ണൻ, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവരുൾപ്പെടെയുള്ള വൻതാരനിരയാണ് ചിത്രത്തിലെന്നത് ശ്രദ്ധേയമാണ്.