അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ട്യൂമർ തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന ഇർഫാൻ ഖാന്‍റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. വയറിലെ ആന്തരികാവയങ്ങളില്‍ കാണുന്ന ട്യൂമര്‍ ആയിരുന്നു ഇർഫാനെ ബാധിച്ചത്. സിനിമാ തിരക്കുകളിൽ നിന്നും പൂർണ്ണമായി മാറിനിന്ന താരം, ഏറെനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു.
എന്നാൽ ചികിത്സയ്ക്ക് വിട നല്‍കി ഇർഫാൻ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ തിരിച്ചെത്തിയ താരം, ഫെബ്രുവരി 22 ന് തന്‍റെ പുതിയ ചിത്രം ‘ഹിന്ദി മീഡിയം 2’വിന്‍റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. 2017 ൽ പുറത്തിറങ്ങിയ ‘ഹിന്ദി മീഡിയ’ത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. സാകേത് ചൗധരി സംവിധാനം ചെയ്ത 'ഹിന്ദി മീഡിയ'ത്തില്‍ സാബ ഖമർ ആയിരുന്നു നായിക. രണ്ടാം ഭാഗത്തിലേക്കുള്ള നായികയെ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ‘ഹിന്ദി മീഡിയ’ത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 19-ാമത് ഐഫ പുരസ്‌കാരവും ഇര്‍ഫാന്‍ നേടിയിരുന്നു. ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയായിരുന്നു ‘ഹിന്ദി മീഡിയം’. ഇന്ത്യൻ ബോക്സ് ഓഫീസിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് ചൈനയിലും മികച്ച കളക്ഷൻ നേടാൻ സാധിച്ചിരുന്നു.