നിരവധി താരങ്ങളാണ് 2021ല്‍ നമ്മോട് യാത്ര ചോദിക്കാന്‍ നില്‍ക്കാതെ യാത്രയായത്. ഇന്ത്യന്‍ സിനിമ ലോകത്തിനും ആരാധകര്‍ക്കും ഈ വര്‍ഷം നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത ഒട്ടനവധി അതുല്യ പ്രതിഭകളെയാണ്. ഈ വര്‍ഷം വിടവാങ്ങുമ്പോള്‍ ഈ കലാകാരന്‍മാരും ഇനി നമ്മോടൊപ്പമില്ല എന്നത് ദുഖകരമാണ്.
അവസാന ശ്വാസം വരെയും സിനിമയ്ക്കായി ജീവിതം മാറ്റിവച്ച ഈ കലാകാരന്‍മാര്‍ അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങളിലൂടെയും ഒട്ടനവധി സിനിമകളിലൂടെയും ജനകോടികളുടെ മനസ്സില്‍ എക്കാലവും ജീവിക്കും.
ജികെ പിള്ള
2021ലെ അവസാന ദിനമായ ഡിസംബര്‍ 31ന് വിട പറഞ്ഞ പ്രശസ്‌ത മലയാള സിനിമ-സീരിയല്‍ താരമാണ് ജി.കെ പിള്ള. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് വയസ് 97. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങിയ അദ്ദേഹം വേഷമിട്ടത് 325 ലേറെ ചിത്രങ്ങളിലാണ്. വില്ലനായും സ്വഭാവ നടനായും നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന മുതിര്‍ന്ന താരമാണ് ജി കെ പിള്ള. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും അദ്ദേഹത്തിന് കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ ലഭിക്കാന്‍ കാരണമായി.
കുട്ടിക്കാലം മുതല്‍ പ്രേം നസീറുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. 1954ല്‍ സ്‌നേഹസീമ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് പല സിനിമകളിലും വില്ലന്‍ വേഷങ്ങളിലൂടെ ഈ മുഖം പ്രേക്ഷകര്‍ക്ക് സുപരിചമായി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ സാഹസിക രംഗങ്ങള്‍ ചെയ്‌ത് ഏറെ അഭിനന്ദനങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. നായരുപിടിച്ച പുലിവാല്‍, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ അദ്ദേഹം കുടുംബസദസ്സുകള്‍ക്കും പ്രിയങ്കരനായി മാറി.
നെടുമുടി വേണു
മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി അഭിനയ കുലപതി നെടുമുടി വേണു അരങ്ങൊഴിഞ്ഞത് മെയ് 22നായിരുന്നു. ഉദര രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 73 വയസായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. വ്യത്യസ്തമാര്‍ന്ന അഭിനയ ശൈലി കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹിസ് ഹൈനസ് അബ്ദുള്ള, മാര്‍ഗം, തേന്‍മാവിന്‍ കൊമ്പത്ത്, ഭരതം, ചാമരം, പാദമുദ്ര, ഓടരുതമ്മാവാ ആളറിയാം, ചിത്രം, സര്‍വ്വകലാശാല, ദേവാസുരം, സര്‍ഗം തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്.
നാടക രംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയിലെത്തിയത്. നായകനായും വില്ലനായും സ്വഭാവ നടനായും തിരശ്ശീലയില്‍ നിറഞ്ഞ അദ്ദേഹം ഒരേസമയം കൊമേഡിയനായും ക്യാരക്ടര്‍ റോളുകളും കൈകാര്യം ചെയ്തു. 73 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം സിനിമയ്ക്കായി മാറ്റിവച്ചത് അദ്ദേഹത്തിന്റെ 43 വര്‍ഷങ്ങളാണ്. 43 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹം മലയാളത്തിനും മലയാളികള്‍ക്കുമായി സമ്മാനിച്ചത് 500 ലേറെ സിനിമകള്‍. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഭരതന്റെ ആരവം, പത്മരാജന്‍റെ ഒരിടത്തൊരു ഫയല്‍മാന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
സിനിമയെ കൂടാതെ നാടകത്തിലും അരങ്ങുതകര്‍ത്ത അദ്ദേഹം നാടന്‍ പാട്ടിലും കഥകളിലും മൃദംഗത്തിലും ഒക്കെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. തീര്‍ഥം, കാറ്റത്തെ കിളിക്കൂട്, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 9 ചിത്രങ്ങള്‍ക്ക് അദ്ദേഹം കഥകളെഴുതി. പൂരം എന്ന ചിത്രവും കൈരളി വിലാസം ലോഡ്ജ് എന്ന സീരിയലും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയ മികവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും, 2003ല്‍ മാര്‍ഗ്ഗം എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്. 1980ല്‍ ചാമരം, 94ല്‍ തേന്മാവിന്‍ കൊമ്പത്ത് എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും നേടി. 1981ല്‍ വിട പറയും മുമ്പേ, 87ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, 2003ല്‍ മാര്‍ഗ്ഗം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും നേടി. 1990ല്‍ ഭരതം, സാന്ത്വനം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.
ദിലീപ് കുമാര്‍
ആറ് പതിറ്റാണ്ടോളം ബോളിവുഡില്‍ വിസ്‌മയം തീര്‍ത്ത ഇതിഹാസ താരമായിരുന്നു ദിലീപ് കുമാര്‍. അദ്ദേഹത്തിന്‍റെ 54 വര്‍ഷങ്ങള്‍ രാജ്യത്തിനും ബോളിവുഡ് ലോകത്തിനുമായി സമര്‍പ്പിച്ച ശേഷമാണ് 98ാം വയസ്സില്‍ വിടവാങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച മെത്തേഡ് ആക്ടര്‍ എന്നാണ് സുപ്രസിദ്ധ സംവിധായകന്‍ സത്യജിത്ത് റായ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതിഭാവുകത്വം നിറഞ്ഞ അഭിനയ ശൈലിയില്‍ നിന്നും ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച മഹാനടന്‍. ബോളിവുഡ് ലോകത്തെ എക്കാലത്തെയും സ്വപ്‌ന നായകനും വിഷാദ നായകനും കൂടിയായിരുന്നു അദ്ദേഹം. ബോളിവുഡിന്റെ ദീപ്ത മുഖങ്ങളിലൊരാള്‍.ബോളിവുഡിലെ ആദ്യ ഖാന്‍മാരില്‍ ഒരാള്‍. 54 വര്‍ഷം കൊണ്ട് 62 സിനിമകള്‍.. ഒരു കാലഘട്ടത്തിന്‍റെ അവസാനമാണ് അദ്ദേഹത്തിന്‍റെ വിയോഗത്തോടെ സംഭവിച്ചത്.
1944ല്‍ ദേവികാ റാണി നിര്‍മ്മിച്ച ജ്വാര്‍ ഭട്ടയാണ് അദ്ദേഹത്തിന്‍റെ ആദ്യ സിനിമ. നയാ ദൗര്‍, ദേവ്ദാസ്, മുഗള്‍ ഇ ആസാം, റാം ഔര്‍ ശ്യാം, മധുമതി, അന്‍ഡാസ്, ഗംഗ യമുന തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ഹിറ്റ് ചിത്രങ്ങള്‍. ഈ സിനിമകളിലൂടെ അദ്ദേഹം ബോളിവുഡില്‍ സിംഹാസനം ഉറപ്പിക്കുകയായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ കിലയാണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം. പല ഹിറ്റ് ചിത്രങ്ങളിലെയും നായികമാരുമായി അദ്ദേഹത്തിന് പ്രേമബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയൊന്നും വിവാഹത്തോളം വളര്‍ന്നില്ല. പ്രേമബന്ധങ്ങളിലെ തകര്‍ച്ചകള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പകര്‍ന്ന കയ്‌പുനീരുകള്‍, അദ്ദേഹത്തെ ദുരന്ത നായക വേഷങ്ങളില്‍ തകര്‍ത്തഭിനയിക്കാന്‍ സഹായിച്ചു. അങ്ങനെയാണ് അദ്ദേഹം ട്രാജഡി കിംഗ് എന്ന വിശേഷണത്തിന് അര്‍ഹനനായത്. അക്കാലത്തെ മിക്ക ചിത്രങ്ങളുടെയും അവസാനത്തില്‍ അദ്ദേഹത്തിന്റെ മരണം സംഭവിച്ചിട്ടുണ്ടാകും. അങ്ങനെ സിനിമയില്‍ നിരവധി മരണ സീനുകള്‍ ചെയ്‌ത് അദ്ദേഹം വിഷാദത്തിന്‍റെ വക്കിലും എത്തിയിരുന്നു.
പദ്‌മഭൂഷണ്‍, പദ്‌മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി രാജ്യത്തെ പരമോന്നത ബഹുമതികളില്‍ പലതും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ബിച്ചു തിരുമല
മലയാള സിനിമയ്ക്കും മലയാള സിനിമാസ്വാദകര്‍ക്കും തീരാനഷ്ടം തീര്‍ത്ത് ബിച്ചു തിരുമല യാത്രയായത് നവംബര്‍ 26നാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ വിയോഗം അക്ഷരാര്‍ഥത്തില്‍ മലയാള സിനിമയ്ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്. 1972 മുതല്‍ അദ്ദേഹത്തിന്‍റെ 39 വര്‍ഷങ്ങളാണ് മലയാള സിനിമയ്ക്കായി സമര്‍പ്പിച്ചത്. ഇക്കാലയളവില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് അഞ്ഞൂറിലേറെ ഗാനങ്ങളും.
അന്തരിച്ച പ്രശ്‌ത കവി ഒ.എന്‍.വി കുറുപ്പിനൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങളും അദ്ദേഹം സമ്മാനിച്ചു. 1972ല്‍ പുറത്തിറങ്ങിയ 'ഭജ ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമലയുടെ വെള്ളിത്തിരയിലേയ്ക്കുള്ള അരങ്ങേറ്റം. 'ഭജ ഗോവിന്ദം' വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആദ്യ രചന തന്നെ പെട്ടിക്കുള്ളിലായി. പിന്നീട് 'സ്ത്രീധനം' എന്ന ചിത്രത്തിനായി രചിച്ചതും വെളിച്ചം കണ്ടില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ' എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ ആദ്യ റിലീസ് ചിത്രം. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹം, ശ്യാം, എ.ടി ഉമ്മര്‍, രവീന്ദ്രന്‍, ജി.ദേവരാജന്‍, ഇളയരാജ എന്നീ സംഗീത സംവിധായകരുമായി ചേര്‍ന്ന് 1980കളില്‍ വളരെയധികം ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
സംഗീത മാന്ത്രികന്‍ എ.ആര്‍.റഹ്‌മാന്‍ മലയാളത്തില്‍ ഈണമിട്ട ഒരേയൊരു ചിത്രം 'യോദ്ധ'യിലെ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, എം എസ് ബാബുരാജ്, കെ രാഘവന്‍, എം എസ് വിശ്വനാഥന്‍, എ ടി ഉമ്മര്‍, ശ്യാം, ജയവിജയ, ശങ്കര്‍- ഗണേശ്, കെ ജെ ജോയ്, രവീന്ദ്രന്‍, എസ് പി വെങ്കിടേഷ്, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ഇളയരാജ, എ ആര്‍ റഹ്‌മാന്‍ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് അദ്ദേഹം ആയിരത്തോളം പാട്ടുകളെഴുതിയിട്ടുണ്ട്. അതില്‍ ശ്യാം, എ ടി ഉമ്മര്‍, ജയവിജയ എന്നിവര്‍ക്കൊപ്പമുളള കൂട്ടുകെട്ട് ശ്രദ്ധേയമാണ്.
നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. 1981, 1991 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'തൃഷ്ണ', 'തേനും വയമ്പും' എന്നീ ചിത്രങ്ങള്‍ക്ക് 1981ലും 'കടിഞ്ഞൂല്‍ കല്യാണം' എന്ന ചിത്രത്തിന് 1991ലുമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. കൂടാതെ ക്രിറ്റിക്സ് പുരസ്‌കാരം (1981), ഫിലിം ഫാന്‍സ് അവാര്‍ഡ് (1978), സ്റ്റാലിയന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ശ്രീ ചിത്തിര തിരുന്നാള്‍ അവാര്‍ഡ്, പി.ഭാസ്‌കരന്‍ അവാര്‍ഡ്, 1990ല്‍ ആദ്യ കവിതാ സമാഹാരമായ 'അനുസരണയില്ലാത്ത മനസിന്' വാമദേവന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
പുനീത് രാജ്‌കുമാര്‍
ആരാധകരെ കണ്ണീരിലാഴ്ത്തി കന്നട സൂപ്പര്‍ താരം പുനീത് രാജ്‌കുമാര്‍ വിടപറഞ്ഞതും ഈ വര്‍ഷമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 29നായിരുന്നു അന്ത്യം. പ്രശസ്‌ത കന്നട നടന്‍ രാജ് കുമാറിന്‍റെ മകനാണ് പുനീത് രാജ്‌കുമാര്‍. അപ്പു എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ പുനീതിനെ വിളിച്ചിരുന്നത്.
ബാലതാരമായാണ് പുനീത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടു തവണയും നേടിയിട്ടുണ്ട്. ഫിലിംഫെയര്‍ അവാര്‍ഡിനും അര്‍ഹനായ അദ്ദേഹം ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
മലയാള സിനിമയുടെ സ്‌നേഹനിധിയായ മുത്തച്ഛന്‍ നമ്മോട് യാത്ര പറഞ്ഞ് പോയത് ജനുവരി 20നായിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം 97. ചലച്ചിത്ര നടനും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവു കൂടിയാണ് അദ്ദേഹം. മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതം. 76ാം വയസിലായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ദേശാടനം (1996) ആയിരുന്നു അരങ്ങേറ്റ ചിത്രം. കൈക്കുടന്ന നിലാവ്, ഒരാള്‍ മാത്രം, കളിയാട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചെങ്കിലും കല്യാണരാമനിലൂടെയാണ് അദ്ദേഹം കൂടുതല്‍ സ്വീകാര്യത നേടിയത്. കമല്‍ ഹാസനൊപ്പം പമ്മല്‍ കെ സമ്മതം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ കണ്ടു കൊണ്ടേന്‍, രാപ്പകല്‍ തുടങ്ങി ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കൈതപ്രം വിശ്വനാഥന്‍
സംഗീത സംവിധായകനും ഗായകനുമായിരുന്ന കൈതപ്രം വിശ്വനാഥന്‍റെ മരണവും ഈ വര്‍ഷമായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഡിസംബര്‍ 29നാണ് അന്തരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു. അദ്ദേഹം സിനിമയ്ക്ക് നല്‍കിയ സംഭാവനയും ചെറുതല്ല. ഇരുപതിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ജയരാജ് ചിത്രം 'ദേശാടന'ത്തില്‍ കൈതപ്രത്തിന്‍റെ സഹായിയായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'ദേശാടന'ത്തിന് വേണ്ടി അദ്ദേഹം ആദ്യമായി ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചു.
ജയരാജിന്‍റെ തന്നെ 'കണ്ണകി' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചത്. 'കണ്ണകി', 'തിളക്കം', 'ഉള്ളം', 'ഏകാന്തം', 'ദൈവനാമത്തില്‍', 'മധ്യവേനല്‍', 'ഓര്‍മ്മ മാത്രം', 'നീലാംബരി', 'കൗസ്തുഭം' തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. 'കൗസ്‌തുഭം' എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.'കണ്ണകി' എന്ന സിനിമയിലെ പശ്ചാത്തല സംഗീതത്തിന് അദ്ദേഹത്തിന് 2001ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമേദരന്‍ നമ്പൂതിരിയുടെ സഹോദരന്‍ കൂടിയാണ് അദ്ദേഹം.
അനില്‍ പനച്ചൂരാന്‍
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍റെ വിടവാങ്ങലും ഈ വര്‍ഷമായിരുന്നു. ജനുവരി 3നാണ് അദ്ദേഹം അന്തരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 51 വയസായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.