കേരളം

kerala

ETV Bharat / sitara

'96 ല്‍ തന്‍റെ ഗാനങ്ങൾ ഉപയോഗിച്ചത് സംഗീത സംവിധായകന് കഴിവില്ലാത്തത് കൊണ്ട്'; തുറന്നടിച്ച് ഇളയരാജ - music director ilayaraja

നേരത്തെ തന്‍റെ ഗാനങ്ങൾ സ്മ്യൂള്‍ അടക്കമുളള ആപ്പുകളില്‍ നിന്ന് ഇളയരാജ പിന്‍വലിപ്പിച്ചിരുന്നു.

'96ല്‍ തന്‍റെ ഗാനങ്ങൾ ഉപയോഗിച്ചത് സംഗീത സംവിധായകന് കഴിവില്ലാത്തത് കൊണ്ട്'; തുറന്നടിച്ച് ഇളയരാജ

By

Published : May 28, 2019, 12:48 PM IST

താന്‍ സംഗീതം നിര്‍വഹിക്കാത്ത സിനിമകളില്‍ തന്‍റെ പാട്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്ത്. സി പ്രേംകുമാർ സംവിധനം ചെയ്ത '96' എന്ന ചിത്രത്തില്‍ ഇളയരാജ ഈണമിട്ട ഗാനങ്ങൾ ചിത്രത്തിന്‍റെ കഥാഗതിയുമായി യോജിച്ച് പോകുന്ന രീതിയില്‍ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഉപയോഗിച്ചിരുന്നു. ഈ പ്രവണത തെറ്റാണെന്നാണ് ഇളയരാജയുടെ അഭിപ്രായം.

''ഒരു പ്രത്യേക കാലഘട്ടത്തെ പാട്ടുകളിലൂടെ കാണിക്കണമെങ്കില്‍ അക്കാലത്തെ ഹിറ്റുകള്‍ക്ക് പിന്നാലെ പോവുകയല്ല വേണ്ടത്. മറിച്ച് അതേ കാലത്തിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന പുതിയ ഈണങ്ങളുണ്ടാക്കുകയാണ് വേണ്ടത്. അതിന് കഴിയാതെ വരുമ്പോള്‍ ആളുകള്‍ അക്കാലത്തെ ജനപ്രിയ ഗാനങ്ങളിലേക്ക് തിരിയുന്നു. നല്ല പാട്ടുകള്‍ പുതിയതായി ഉണ്ടാക്കാന്‍ ആളുകള്‍ക്ക് കഴിയാത്തതുകൊണ്ടാണ് ഈ പ്രവണത ഏറി വരുന്നത്'', ഇളയരാജ പറയുന്നു. സംഗീത സംവിധായകന്‍റെ ബലഹീനതയും ആണത്തമില്ലായ്മയുമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം ഇളയരാജക്ക് റോയല്‍റ്റി നല്‍കി തന്നെയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ഉപയോഗിച്ചതെന്ന് '96' ന്‍റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മുമ്പ് തന്‍റെ പാട്ടുകൾ റോയല്‍റ്റി നല്‍കാതെ ഗാനമേളക്ക് പാടരുതെന്ന് കാണിച്ച് ഇളയരാജ എസ് പി ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കും ചരണിനും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ABOUT THE AUTHOR

...view details