എറണാകുളം: കൊച്ചിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (ഐഎഫ്‌എഫ്‌കെ) സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്‌തു. മുതിർന്ന ചലച്ചിത്ര സംവിധായകൻ ജോഷി ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമ വ്യവസായത്തെ നിലനിർത്തുന്നത് സിനിമയെ സ്നേഹിക്കുന്നവരാണ്. അത്തരം സ്വപ്‌നങ്ങൾക്ക് നിറം പകരുന്നതാണ് ചലച്ചിത്രമേളയെന്ന് ചടങ്ങിൽ പങ്കെടുത്ത നടൻ ജോജു ജോർജ്ജ് പറഞ്ഞു. സിനിമയെ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും കൊച്ചിയിൽ നടക്കുന്ന ചലചിത്രമേള വലിയ ഉത്സവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎഫ്‌എഫ്‌കെ കൊച്ചി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്‌തു - സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്‌തു
മുതിർന്ന ചലച്ചിത്ര സംവിധായകൻ ജോഷി ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു
ചലച്ചിത്രമേളക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കൊച്ചിയാണന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കൊച്ചിയാണ് സിനിമയുടെ ഹബ്ബ്. വരും വർഷങ്ങളിലും കൊച്ചിയെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൻ്റെ വേദിയായി പരിഗണിക്കണം. ഈ കാര്യം സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചി എഡിഷൻ ചലച്ചിത്രോത്സവം നടക്കുന്നത്. കൊച്ചിയിലെ മാക്‌ട ഓഫീസിലാണ് ചലചിത്രമേളയുടെ സംഘാടക സമിതി പ്രവർത്തിക്കുന്നത്. മേയർ എം.അനിൽകുമാർ, മാക്‌ട പ്രസിഡൻ്റ് സംവിധായകൻ ജയരാജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.