ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള തർക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോഴിതാ കങ്കണക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൃത്വിക്കിന്‍റെ സഹോദരി സുനൈന റോഷൻ. താൻ കങ്കണയെ പിന്തുണക്കുന്നു എന്നാണ് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
തന്‍റെ കുടുംബത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള സുനൈനയുടെ അഭിമുഖം വാർത്തയായിരുന്നു. ഈ നരകജീവിതം തുടരുകയാണെന്നും തനിക്ക് മടുത്തെന്നുമാണ് സുനൈനയുടെ ആദ്യം ട്വീറ്റ്. ഇതിന് പിന്നാലെയാണ് കങ്കണക്കുള്ള പിന്തുണ അറിയിച്ച് കൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. സ്വന്തം കുടുംബവുമായി അകല്‍ച്ചയിലാണെന്നും സുനൈനയുടെ ട്വീറ്റുകൾ സൂചിപ്പിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുനൈന ബൈപോളാർ ഡിസോർഡറിന് ചികിത്സയിലാണെന്ന തരത്തില്‍ വാർത്തകൾ വന്നിരുന്നു. എന്നാല്‍ വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ സുനൈന കുടുംബത്തിനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വരികയായിരുന്നു. മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നത് നരകതുല്യമാണെന്നും ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്താണ് ഇപ്പോൾ താമസിക്കുന്നതെന്നും സുനൈന അന്ന് വെളിപ്പെടുത്തിയിരുന്നു.
അതേ സമയം സുനൈന കങ്കണയുമായി ബന്ധപ്പെട്ടുവെന്നും മാപ്പ് തരണമെന്ന് അപേക്ഷിച്ചുവെന്നും കങ്കണയുടെ സഹോദരി രംഗോലി ട്വീറ്റ ചെയ്തിട്ടുണ്ട്. കങ്കണയും ഹൃത്വിക്കും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്‍റെ പിആർ ടീമിനെ ഉപയോഗിച്ച് സുനൈനക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്നും രംഗോലി കൂട്ടിചേർത്തു.