“മാധ്യമങ്ങളും നിയമനിർമാതാക്കളും സർക്കാരുമൊക്കെ ഇനിയെത്ര തഴയുകയാണെങ്കിലും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഇനിയും പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയായിരിക്കും." മലയാളികളുടെ പ്രിയ നടൻ സുരേഷ് ഗോപിയെ പരാമർശിച്ചുള്ള ട്വീറ്റാണിത്. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷാണ് ട്വിറ്ററിൽ താരത്തെ പ്രശംസിച്ചുകൊണ്ടെഴുതിയിരിക്കുന്നതും. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്ഥാപിച്ച പ്ലാസ്റ്റിക് റീസൈക്കിൾ മെഷീന്‍റെ ചിത്രവും പത്രവാർത്തയും ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപി എംപിയെക്കുറിച്ച് ഗോകുൽ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
തഴയലുകളിൽ തളരാതെ ജനസേവനം; അച്ഛനെ പ്രശംസിച്ച് മകൻ ഗോകുൽ സുരേഷ് - Suresh Gopi's father
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്ഥാപിച്ച പ്ലാസ്റ്റിക് റീസൈക്കിൾ മെഷീന്‍റെ ചിത്രവും പത്രവാർത്തയും ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപി എംപിയെ മകൻ ഗോകുൽ സുരേഷ് പ്രശംസിച്ചത്.
സുരേഷ് ഗോപി എംപിയുടെ വികസനഫണ്ടിൽ നിന്നുമുള്ള അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ പ്രാവർത്തികമാക്കിയത്. ഒ.രാജ ഗോപാൽ എംഎൽഎ മെഷീന്‍റെ ഉദ്ഘാടനവും നിർവ്വഹിച്ചു. മെഷീനിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് പൊടികൾ ചെറുതരികളാകുന്നു. ഇങ്ങനെ പൊടിച്ചു കിട്ടുന്ന തരികൾ പൂനൈയിലെ സംസ്‌കരണ പ്ലാന്‍റുകൾക്കാണ് കൈമാറുന്നത്. ഇവ റോഡ് ടാറിങ്ങിനുള്ള അസംസ്കൃത വസ്തുക്കളായും പ്ലാസ്റ്റിക് ടോയ്‌ലറ്റുകളുടെയും ബിന്നുകളുടെയും നിർമാണത്തിനും ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് റീസൈക്കിൾ മെഷീൻ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്.
രാഷ്‌ട്രീയപ്രവേശനത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ ട്രോളുകൾ ഏറ്റു വാങ്ങിയ നടനാണ് സുരേഷ് ഗോപി. എന്നാൽ ഇത്തരം ഇകഴ്‌ത്തലുകൾ കാര്യമാക്കാതെ ജനസേവനത്തിൽ തുടരുന്ന അച്ഛനിൽ അഭിമാനിക്കുന്നുവെന്ന് ഗോകുൽ സുരേഷ് ട്വീറ്റിൽ കുറിച്ചു.