മലയാള സിനിമയിലെ പ്രതിഭാധനരായ രണ്ട് നടന്മാരാണ് ജോജു ജോര്‍ജും ചെമ്പന്‍ വിനോദും. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ നിരവധി കഥാപാത്രങ്ങൾ ഇരുവരും അഭിനയിച്ചിട്ടുമുണ്ട്. 'ജോസഫ്' എന്ന ചിത്രത്തിലൂടെ ജോജുവും 'ഈ മ യൗ'വിലൂടെ ചെമ്പനും മലയാള സിനിമയില്‍ സ്വന്തമായ ഇടങ്ങളും കണ്ടെത്തിയിരിക്കുകയാണ്.
മാസ് സംവിധായകനും മരണമാസ് നായകന്മാരും ഒന്നിക്കുന്ന 'പൊറിഞ്ചു മറിയം ജോസ്' - ജോജു ജോർജ്
ജോസഫിന് ശേഷം ജോജുവും ഈ മ യൗവിന് ശേഷം ചെമ്പനും നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'.
മലയാള സിനിമയുടെ മാസ് ഡയറക്ടര്‍ ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുകയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്. കീര്‍ത്തന മൂവീസിന്‍റെ ബാനറില്‍ റെജിമോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആണ് ചെമ്പന്‍ വിനോദിന്‍റെ റിലീസ് ചെയ്യാന്‍ ഉള്ള പ്രധാന ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘ചോല’യില്‍ ജോജു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് 'പൊറിഞ്ചു മറിയം ജോസ്' കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.