പ്രശസ്‌ത ചലച്ചിത്ര നിരൂപകൻ റാഷിദ് ഇറാനി മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 74 വയസ്സായിരുന്നു. തിങ്കളാഴ്‌ചയാണ് ദക്ഷിണ മുംബൈയിലെ മറൈൻ ലൈൻസ് വസതിയിൽ ഇറാനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
ജൂലൈ 30ന് ഇറാനി മരിച്ചതായാണ് പ്രാഥമിക നിഗമനം. വീട്ടിലെ ബാത്ത് റൂമിലായിരുന്നു റാഷിദ് ഇറാനിയുടെ മൃതദേഹം കണ്ടെടുത്തത്. ആസാദ് മൈദാൻ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
More Read: മധുരാര്‍ദ്ര ഗാനങ്ങള്‍ നേദിച്ച സ്വരഭംഗി ; കല്യാണി മേനോന് വിട
മുംബൈയിലെ ബ്രിട്ടാനിയ കഫേയുടെ പാർട്‌ണറായിരുന്നു റാഷിദ് ഇറാനി. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ഇതിന്‍റെ പ്രവർത്തനം നിർത്തിവച്ചത്.
ആദരാഞ്ജലി അർപ്പിച്ച് ബോളിവുഡ്
സിനിമ നിരൂപകൻ എന്നതിനപ്പുറം അഭിനേതാവ് കൂടിയാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ പ്രമുഖ ബോളിവുഡ് നിർമാതാവ് കരൺ ജോഹർ, സംവിധായകൻ സുധിർ മിശ്ര, ബോളിവുഡ് താരം രൺദീപ് ഹൂഡ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മുംബൈ പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റിയിലെ നിർണായക പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, സ്ക്രോൾ.ഇൻ പോലുള്ള മാധ്യമങ്ങളിലും റാഷിദ് ഇറാനി സിനിമ നിരൂപകനായി സേവനമനുഷ്‌ഠിച്ചിരുന്നു.