നീണ്ട ഇടവേളയ്‌ക്ക് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ആശങ്കകളേറെയായിരുന്നു. പഴയ പോലെ ആളുകള്‍ തിയേറ്ററില്‍ തിരികെയെത്തുമോ എന്നായിരുന്നു ഏവരുടെയും ആശങ്ക. കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടന്ന തിയേറ്റര്‍ തുറന്നപ്പോള്‍ മലയാളത്തില്‍ നിന്നും ആദ്യം റിലീസിനെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍റെ 'കുറുപ്പ്' ആയിരുന്നു.
ആശങ്കകളെ അസ്ഥാനത്താക്കി ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ചാണ് 'കുറുപ്പ്' തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള 1500 സ്‌ക്രീനുകളിലും കേരളത്തിലെ 505 തിയേറ്ററുകളിലുമാണ് ആദ്യ ദിനം ചിത്രം ഷോ നടത്തിയത്. ആദ്യ ദിനത്തില്‍ 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം അഡിഷണല്‍ ഷോ നടത്തിയിരുന്നു. കേരളത്തില്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ് 'കുറുപ്പ്' ആദ്യ ദിന ഗ്രോസ് കളക്ഷന്‍.
കുറുപ്പിന്‍റെ നേട്ടത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍. ചിത്രം 25 ദിവസമെങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ റിലീസിനെത്തുമെങ്കിലും കുറുപ്പിനെ തിയേറ്ററില്‍ നിന്നും മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറുപ്പിന് പകരം മരക്കാര്‍ റിലീസിന് എത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ നേട്ടം കൊയ്യാമായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.