കൊച്ചി: വേതന വര്‍ധനവ് സംബന്ധിച്ച കരാർ നിർമ്മാതാക്കളുടെ സംഘടന പരിഷ്കരിച്ചില്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക ഭാരവാഹികൾ. ഇത് സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ശനിയാഴ്ച കൊച്ചിയില്‍ ചര്‍ച്ച നടത്തും.
'വേതനം ഉടൻ വർധിപ്പിച്ചില്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ല'; ഫെഫ്ക - ഫെഫ്ക
കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അറിയിച്ചിരിക്കുന്നത്.
!['വേതനം ഉടൻ വർധിപ്പിച്ചില്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ല'; ഫെഫ്ക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3176326-797-3176326-1556864867290.jpg)
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലാണ് വേതന വർധനവിന്‍റെ ആവശ്യം ഉന്നയിച്ചത്. മുൻപും ഇതേ ആവശ്യം ഉന്നയിച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വേതനവര്‍ധനവ് ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്തും നല്‍കിയിരുന്നു. ദിവസവേതന തൊഴിലാളികളുടെ 15 ശതമാനം വര്‍ധനവാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ അത് തീരെ കുറവാണെന്നും അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നുമാണ് ഫെഫ്ക അഭിപ്രായപ്പെട്ടത്.
ഫെഫ്ക ആവശ്യപ്പെടുന്ന പുതിയ വേതന നിരക്ക് അനുവദിച്ച് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത്. ശനിയാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴ് മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഉന്നയിക്കുന്ന വാദം.