മധുരൈ :നടൻ രജനീകാന്ത് വേഗം സുഖം പ്രാപിക്കുന്നതിനും അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ‘അണ്ണാത്തെ’ എന്ന സിനിമയുടെ വിജയത്തിനും വേണ്ടി ആരാധകരുടെ വക പ്രത്യേക പ്രാർഥനയും വഴിപാടും. മധുരൈ ജില്ലയിലെ തിരുപ്പരൻകുന്ദ്രം മുരുകൻ ക്ഷേത്രത്തിൽ ഞായറാഴ്ച ആരാധകർ നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായി 108 നാളീകേരം പൊട്ടിക്കുകയും 'മൺ സോറ്' (തറയിൽ വിളമ്പിയ ഭക്ഷണം കഴിക്കുന്നത്) എന്ന ആചാരം നടത്തുകയും ചെയ്‌തു.
ALSO READ:ശസ്ത്രക്രിയ വിജയകരം ; രജനീകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
രണ്ട് ദിവസം മുമ്പാണ് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതിനായി രക്തക്കുഴലിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന കരോട്ടിഡ് എൻഡാർട്ടറെക്ടമി ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും ഡോക്‌ടർമാർ അറിയിച്ചു.
സൂപ്പർസ്റ്റാറിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘അണ്ണാത്തെ’ നവംബർ നാലിന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിന്‍റെ ആശ്വാസത്തിലുമാണ് സിനിമ ആരാധകർ.
ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യിൽ നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു, മീന, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര തന്നെ എത്തുന്നുണ്ട്.