പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. വർണാഭമായൊരു വേദിയിൽ ആൾക്കൂട്ടത്തിന്‍റെ ആരവങ്ങൾക്കിടയിൽ നൃത്തം ചെയ്യുന്ന ഫഹദാണ് പോസ്റ്ററിലുള്ളത്. ഫഹദിന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
ഫഹദ്-അൻവർ ടീമിന്‍റെ ട്രാൻസ് ഡിസംബറില്‍; ഫസ്റ്റ് ലുക്ക് പുറത്ത് - fahad nasriya new movie
2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്‍റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്.
ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാല് വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ട് വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ബാംഗ്ലൂർ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിക്കുന്ന ‘ട്രാൻസി’ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്‍റ് വടക്കനാണ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ഗൗതം മേനോൻ, ചെമ്പൻ വിനോദ്, ധർമജൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ട്രാൻസ്’ ക്രിസ്മസ് റീലിസായി ഡിസംബർ 20ന് തിയേറ്ററുകളിലെത്തും.