കേരളം

kerala

ഞാൻ വീട്ടിലിരുന്ന് സിനിമ കാണും, അച്ഛൻ തിയേറ്ററിലിരുന്നും: ഫഹദ് ഫാസില്‍

By

Published : Feb 9, 2019, 4:18 AM IST

''ഞാനും നസ്രിയയും വീട്ടിൽ ഇരുന്നാണ് സിനിമ കാണുന്നത്. എന്നാൽ തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കാണാനാണ് അച്ഛനിഷ്ടം'' ഫഹദ് പറയുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസി’ലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പമുള്ള തമിഴ് ചിത്രം സൂപ്പർ ഡീലക്സും റിലീസിനൊരുങ്ങുകയാണ്.

fahad1

മലയാളത്തിന്‍റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് ഫാസില്‍. മോഹന്‍ലാല്‍ എന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ചതും അദ്ദേഹം തന്നെയാണ്. ഫാസില്‍ മലയാള സിനിമക്ക് ചെയ്ത പുണ്യത്തിന് പകരമായി ദൈവം അദ്ദേഹത്തിന് നല്‍കിയ സമ്മാനമാണ് ഫഹദ് ഫാസില്‍, മലയാളത്തിന്‍റെ അഭിമാന താരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയത്തില്‍ തൻ്റേതായ ഒരിടം കണ്ടുപിടിക്കാൻ ഫഹദിന് സാധിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’.

ഈ ചിത്രത്തിലെ അഭിനേതാവ് മാത്രമല്ല, നിര്‍മ്മാതാവ് കൂടിയാണ് ഫഹദ്. ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ച് മുന്നേറുമ്പോള്‍ തന്‍റെ സിനിമാ കാണല്‍ ശീലങ്ങളെക്കുറിച്ച് ഫഹദ് ഒരു അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് . “ഞാനും നസ്രിയയും സാധാരണയായി വീട്ടിലിരുന്നാണ് സിനിമ കാണുന്നത്. എന്നാൽ അച്ഛന് തിയേറ്ററിൽ ചെന്ന് പ്രേക്ഷകർക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടം. അദ്ദേഹത്തിന്‍റെ ഫീഡ്ബാക്ക് എനിക്ക് പ്രധാനമാണ്,” ഫഹദ് ഫാസിൽ വെളിപ്പെടുത്തി. തിയേറ്ററിന്‍റെ പൾസ് തൊട്ടറിഞ്ഞ് സിനിമ കാണാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ഫഹദ് പറയുന്നു.

ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന ബാനറിൽ സിനിമാ നിർമ്മാണരംഗത്തും സജീവമാണ് ഫഹദ്. നിർമ്മാണ കമ്പനി ഫഹദിന്‍റെ പേരിലാണെങ്കിലും നിർമ്മാണ കാര്യങ്ങളിൽ സജീവമാവുന്നത് നടിയും ഭാര്യയുമായ നസ്രിയയാണ്. ‘വരത്തൻ’ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ദിലീഷ് പോത്തന്‍റെയും ശ്യാം പുഷ്കരന്‍റെയും നിർമ്മാണകമ്പനിയായ വർക്കിംഗ് ക്ലാസ്സ് ഹീറോയ്ക്കൊപ്പം ചേർന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ ഫഹദ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ അൽപ്പം സൈക്കോ സ്വഭാവമുള്ള ഫഹദിന്‍റെ കഥാപാത്രവും തിയേറ്ററുകളിൽ കയ്യടി നേടുകയാണ്. പുറത്ത് പോസിറ്റീവും അകത്ത് നെഗറ്റീവുമായ, നിഗൂഢതയുണർത്തുന്ന കഥാപാത്രമായി ഫഹദ് വിസ്മയിപ്പിക്കുകയാണ് ചിത്രത്തിൽ.

അൻവർ റഷീദ് ചിത്രം ‘ട്രാൻസി’ലാണ് ഫഹദ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് അഭിനയിച്ച തമിഴ് ചിത്രം ‘സൂപ്പർ ഡീലക്സ്’ റിലീസിനൊരുങ്ങുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. സൂപ്പർ ഡീലക്സിനെ കുറിച്ച് ഏറെ ആവേശത്തിലാണ് ഫഹദ്. ”വളരെ പോസിറ്റീവായ കഥാപാത്രങ്ങൾ നെഗറ്റീവ് ആയ ചില സന്ദർഭങ്ങളില്‍ ചെന്ന് പെടുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. ത്യാഗരാജൻ കുമാരരാജ എൻ്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ്. വിജയ് സേതുപതിയുമായി എനിക്ക് കോമ്പിനേഷൻ സീനുകളൊന്നും ചിത്രത്തിലില്ല. എന്നാൽ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിലൊക്കെ വിജയ് ലൊക്കേഷനിൽ വന്ന് എനിക്കൊപ്പം സമയം ചെലവഴിക്കുമായിരുന്നു,” ഫഹദ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details