ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നേരിട്ട് ഹാജരാകാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് കോടതിയുടെ അന്ത്യശാസനം. ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് താരത്തിനെതിരേ രംഗത്തെത്തിയത്. കോടതിയില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ജഡ്ജി ചന്ദ്രകുമാര്‍ സോഗാര താക്കീത് ചെയ്തു.
നേരിട്ട് ഹാജരാകണം, ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കും; സല്‍മാൻ ഖാന് കോടതിയുടെ അന്ത്യശാസനം - സല്‍മാൻ ഖാൻ
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവിനെതിരെ സല്‍മാന്‍ നല്‍കിയ അപ്പീലിന്‍റെ വിചാരണത്തിലാണ് ജില്ലാ ജഡ്ജി താക്കീത് ചെയ്തത്.
20 വര്‍ഷം മുന്‍പ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് ഇപ്പോൾ നാടകീയമായ വഴിത്തിരിവുണ്ടായിരിക്കുന്നത്. കേസിന്‍റെ വിചാരണ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മുഖ്യപ്രതിയായ സല്‍മാന്‍ ഇതുവരെ കോടതിക്ക് മുന്‍പാകെ നേരിട്ട് ഹാജരായിരുന്നില്ല. ഷൂട്ടിങ് തിരക്ക് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് സല്‍മാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സല്‍മാനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
1998ല്‍ ഹം സാത്ത് സാത്ത് ഹൈയുടെ ചിത്രീകരണത്തിന്‍റെ സമയത്താണ് സല്‍മാനും സൈഫ് അലി ഖാനും സോണാലി ബെന്ദ്രെയും ചേര്‍ന്ന് രാജസ്ഥാനിലെ കങ്കണി ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. തുടര്‍ന്ന് നടനെതിരേ ബിഷ്‌ണോയ് സമൂഹം പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. അടുത്തിടെ ബിഷ്ണോയ് സമുദായത്തില്‍ നിന്ന് താരത്തിന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു.