ലോകത്തെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചാർളി ചാപ്ലിന് ഇന്ന് 130-ാം പിറന്നാൾ. മൗനം കൊണ്ട് പോലും ഇന്നും പ്രസക്തിയുള്ള സാമൂഹിക വിഷയങ്ങൾ പറഞ്ഞവയായിരുന്നു ചാപ്ലിൻ സിനിമകൾ.
ചാപ്ലിന് ഇന്ന് 130-ാം പിറന്നാൾ 1889 ഏപ്രിൽ 16ന് ലണ്ടനിലാണ് സർ ചാൾസ് സ്പെൻസർ എന്ന ചാർളി ചാപ്ലിൻ ജനിച്ചത്. തന്‍റെ ചിത്രങ്ങളെ പോലെ ചിരി പടർത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ ജീവിതം. സംഗീതജ്ഞരായിരുന്നു അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ. അച്ഛൻ മരിക്കുകയും അമ്മ മാനസികരോഗിയാവുകയും ചെയ്തതോടെ ബോർഡിങ് സ്കൂളിലും അനാഥാലയത്തിലുമായിരുന്നു ചാപ്ലിന്‍റെ കൗമാരക്കാലം. 17-ാം വയസുമുതല്‍ ചാപ്ലിന്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. കാർനോ വോഡ്വില്ലെ എന്ന കമ്പനിക്ക് വേണ്ടി ചെറിയ നാടകങ്ങളിലാണ് അദ്ദേഹം അഭിനയിച്ച് തുടങ്ങിയത്.
1913 ൽ നിർമ്മാതാവായ മാക്ക് സെന്നറ്റ് ചാപ്ലിനെ സിനിമയിൽ അഭിനയിപ്പിക്കാനായി കാലിഫോർണിയയിലേക്ക് കൊണ്ടുപോയി. 1914 ല്‍ പുറത്തിറങ്ങിയ 'ദ വൺ റീലർ മേക്കിങ്ങ് എ ലിവിങ്' ആണ് ആദ്യ ചിത്രം. ഇതേ വർഷം തന്നെ ഇറങ്ങിയ ‘കിഡ് ഓട്ടോ റേസസ് അറ്റ് വെനീസ്’ എന്ന സിനിമയിലാണ് ചാപ്ലിൻ ആദ്യമായി തന്‍റെ പ്രസിദ്ധമായ ഹാസ്യവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. വലിപ്പം കൂടിയ പാന്‍റ്സും ഇറുകിയ കോട്ടും നീണ്ട ഷൂസും ചെറു മീശയുമായി നില്‍ക്കുന്ന ചാപ്ലിനെ ആർക്കും മറക്കാൻ കഴിയില്ല.
ചാപ്ലിന്‍റെ പ്രസിദ്ധമായ ഹാസ്യ വേഷം സിനിമയിലെത്തി അഞ്ച് വർഷം കൊണ്ട് തന്നെ ചാപ്ലിന്‍ 'യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്' എന്ന തന്‍റെ സ്വന്തം സിനിമാ സംരംഭം ആരംഭിച്ചു. ഈ ബാനറില്‍ പിന്നീട് ഒട്ടനവധി ചിത്രങ്ങള്‍ പുറത്തിറക്കി. 1921 ൽ പുറത്തിറങ്ങിയ ‘ദി കിഡ്’ ആയിരുന്നു ചാര്‍ളി ചാപ്ലിന്‍റെ ആദ്യ മുഴുനീള ചിത്രം. പിന്നീട് 1923 ൽ ‘എ വുമൺ ഓഫ് പാരിസ്’, 1925 ൽ ‘ദി ഗോൾഡ് റഷ്’, 1931 ൽ ‘സിറ്റി ലൈറ്റ്സ്’, 1936 ൽ ‘മോഡേൺ ടൈംസ്’ എന്നീ ചാപ്ലിൻ ചിത്രങ്ങൾ പുറത്തിറങ്ങി.
'ദ കിഡ്' എന്ന ചിത്രത്തില്‍ നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലറെ പരിഹസിച്ച് കൊണ്ട് 'ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ' എന്ന ചിത്രം ചാപ്ലിൻ പുറത്തിറക്കി. രാഷ്ട്രീയം പറയുമ്പോഴും അതിന് മൂർച്ചയേറിയ നർമ്മം ഉപയോഗിക്കാൻ ചാപ്ലിന് സാധിച്ചിരുന്നു. താളങ്ങൾക്കനുസരിച്ചുള്ള ശരീര ചലനം, അതി സൂക്ഷ്മവും ഗഹനവുമായ ഭാവപകർച്ചകൾ, കഥാപാത്രങ്ങളിലെ തുടർച്ച ഇവയൊക്കെയാണ് ചാപ്ലിനിലെ നടന് ലോകപ്രശസ്തി നേടി കൊടുത്തത്. ഓരോ ഫ്രെയിമിലും ചലനങ്ങൾ ഉൾപ്പെടുത്താനും ചലച്ചിത്രം എന്നാല്‍ ചലനമുള്ള ചിത്രമാണെന്ന് ഉറപ്പുവരുത്താനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ചാപ്ലിന്‍റെ ചലച്ചിത്ര ജീവിതത്തെ ആദരിച്ച് കൊണ്ട് 1972 ല്‍ അദ്ദേഹത്തിന് പ്രത്യേക ഓസ്കർ സമ്മാനിക്കുകയുണ്ടായി. 1975 ല്‍ എലിസബത്ത് രാജ്ഞി ചാപ്ലിന് 'പ്രഭു' പദവി നല്‍കി.
ചെറുപ്രായത്തിലെ അനാഥത്വവും നിരന്തരം തുടർന്ന വിവാദങ്ങളുമൊക്കെ സ്വയം മറന്നാണ് അദ്ദേഹം ഹാസ്യം കൊണ്ട് ആരവങ്ങളുടെ അലയുയര്‍ത്തിയത്. ഒരുപാട് ചിരിക്കുന്നവരെ ഇഷ്ടപ്പെടുക, കാരണം അവർ ഉള്ളില്‍ കരയുകയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞതും സ്വന്തം ദുഖത്തിന്‍റെ നിഴലില്‍ നിന്നുകൊണ്ടാകാം. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ചാപ്ലിനെ നിരന്തരം പിന്തുടര്‍ന്ന് കൊണ്ടിരുന്നു. ഒടുവില്‍, താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച അമേരിക്കയും ഹോളിവുഡും വിട്ട് സ്വിറ്റ്സര്‍ലന്‍ഡില്‍ അഭയം തേടേണ്ടി വന്നു ചാപ്ലിന്. 1977 ഡിസംബർ 25 ന് സ്വിറ്റ്സർലൻഡില്‍ വച്ചാണ് ചാർളി ചാപ്ലിൻ മരിക്കുന്നതും. പക്ഷേ, ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ചിന്തിപ്പിക്കുന്ന തന്‍റെ ചിത്രങ്ങളിലൂടെ മരണമില്ലാത്ത പ്രതിഭയായി അദ്ദേഹം പ്രേക്ഷക മനസ്സില്‍ ജീവിക്കുകയാണ്.