സൂപ്പർസ്‌റ്റാർ രജനികാന്തിന്‍റെ ' കാല’യിൽ തലൈവരുടെ നായികയായെത്തിയ ഈശ്വരീ റാവുവിനെ സിനിമ കണ്ട ആർക്കും അത്രയെളുപ്പം മറക്കാനാവില്ല. ചിത്രത്തിലുടനീളം രജനിയെ പ്രണയിച്ചും ശാസിച്ചും അഭിനയിച്ച ഈശ്വരീ റാവു, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട'യിലൂടെ ഒരിക്കല്‍ കൂടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
കാലയില്‍ രജനികാന്തിന്‍റെ നായിക, ഉണ്ടയില്‍ മണി സാറിന്‍റെ സ്വന്തം ലളിത - ഈശ്വരീ റാവു
ആന്ധ്രാപ്രദേശിൽ ജനിച്ച് വളർന്ന ഈശ്വരി റാവു ഭർത്താവും സംവിധായകനുമായ എൽ രാജയ്ക്ക് ഒപ്പം ചെന്നൈയിലാണ് താമസം. ജയറാം നായകനായ ഊട്ടിപ്പട്ടണം, ഒരു മയില്‍പീലി തുണ്ടും കുറേ വളപ്പൊട്ടുകളും തുടങ്ങിയ മലയാള ചിത്രങ്ങളിലും ഈശ്വരി റാവു അഭിനയിച്ചിട്ടുണ്ട്.
വളരെ കുറച്ച് രംഗങ്ങളെ ഉള്ളുവെങ്കിലും ഉണ്ട കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ മണി സാറിന്‍റെ സ്വന്തം ലളിത എന്ന കഥാപാത്രം നിലനില്‍ക്കും. മണി സാർ പ്രണയിച്ചു സ്വന്തമാക്കിയതാണ് ലളിതയെ. അങ്കണവാടി ടീച്ചറാണ് അവർ. പ്രണയിച്ച് സ്വന്തമാക്കിയ ലളിതയെ കുറിച്ച് മമ്മൂട്ടിയുടെ മണി സാർ എന്ന കഥാപാത്രം പറയുന്നതിൽ തന്നെ ഒരു പുതുമയുണ്ട്. ആ കാത്തരിപ്പിലേക്കാണ് ലളിതയുടെ കഥാപാത്രമായി ഈശ്വരീ റാവു എത്തുന്നത്.
മണി എന്ന കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാൻ സാധിക്കുന്നതും ലളിതയിലൂടെയാണ്. പ്രായം കൊണ്ട് വന്ന് ചേർന്ന നിരവധിയേറെ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്ന, ഒരു വലിയ മരുന്ന് ബോക്സിനൊപ്പം സഞ്ചരിക്കുന്ന ഭർത്താവിനെ കുറിച്ച് ആധിയുണ്ട് അവർക്ക്. അയാളുടെ സംസാരത്തിനിടയിൽ നിന്നും പോലും അയാളെ പിടികൂടിയ ഭയം അവർക്ക് അറിയാനാവുന്നുണ്ട്. തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ മണി സാറിന്‍റെയും പൊലീസ് സംഘത്തിന്‍റെയുമൊപ്പം പ്രേക്ഷക മനസ്സില്‍ ലളിതയും ഉണ്ടാവുമെന്നത് തീർച്ച.