'സെക്കന്‍റ് ഷോ' എന്ന ചിത്രത്തിന് ശേഷം ദുല്‍ഖർ സല്‍മാനും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പി'ന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രം ഒരുക്കുന്നത് ദുല്‍ഖറിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ്. വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ വേഷത്തിലാണ് ദുല്‍ഖർ ചിത്രത്തിലെത്തുന്നത്.
കേരളം തിരയുന്ന പിടികിട്ടാപുള്ളി സുകുമാരകുറുപ്പായി ദുല്‍ഖർ സല്‍മാൻ
ചിത്രത്തിന്‍റെ ഫാൻ മേഡ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
ദുല്‍ഖറിന്‍റെ ആദ്യ ചിത്രമായ 'സെക്കന്‍റ് ഷോ'യുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. ചിത്രത്തിലെ മറ്റ് താരങ്ങളെ ആരൊക്കെയാണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. അഞ്ച് വർഷത്തോളമായി ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നെന്നും സിനിമയിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും സംവിധായകൻ പറയുന്നു.
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നിശ്ചയമില്ലാത്ത സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചിത്രം സംവിധായകൻ എങ്ങനെയാണ് അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്‍റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്‍റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്‍റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും.